Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ നരഹത്യ അവസാനിപ്പിക്കാൻ  ഐക്യരാഷ്ട്രസഭ ഇടപെടണം- ഒ.ഐ.സി

റിയാദ്- നിരായുധരായ ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായിൽ നടത്തുന്ന മൃഗീയമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം ആവശ്യപ്പെട്ടു. നിഷ്ഠൂരമായ ഈ നരഹത്യ അവസാനിപ്പിക്കുന്നതിൽ സുരക്ഷാകൗൺസിൽ പരാജയപ്പെടുകയാണെങ്കിൽ വിഷയം യു.എൻ ജനറൽ അസംബ്ലി സഗൗരവം പരിഗണിക്കണം. അസംബ്ലിയുടെ പത്താമത് പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയിൽ ഫലസ്തീൻ പ്രശ്‌നം ഉൾപ്പെടുത്തണം. 
ശൈഖ് ജറാഹിലും ഹയ്യ് സൽവാനിലും നൂറ് കണക്കിന് ഫലസ്തീൻ കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഇസ്രായിലിൽ കുടിയേറിയ ജൂതകുടുംബങ്ങളെ അധിവസിപ്പിച്ചതിനെ യോഗം ശക്തമായി അപലപിച്ചു. 
സ്ഥിതിഗതികൾ വഷളാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രായിലിന് മാത്രമാണ്. ഫലസ്തീൻ ജനതക്ക് നീതി ലഭ്യമാക്കാൻ യു.എൻ സുരക്ഷാകൗൺസിൽ അടിയന്തിരമായി ഇടപെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. 73 വർഷമായി തുടരുന്ന ഇസ്രായിൽ വിദ്വേഷത്തിന്റെ ഫലമായി ഇതുവരെ എട്ട് ലക്ഷം ഫലസ്തീനികളാണ് അവരുടെ ഭൂമിയിൽനിന്നും വീടുകളിൽനിന്നും ആട്ടിയോടിക്കപ്പെട്ടത്. 400ൽ അധികം ഫലസ്തീൻ നഗരങ്ങളും ഗ്രാമങ്ങളിലുമായി ഇസ്രായിൽ ഇക്കാലമത്രയും കൂട്ടക്കുരുതിയാണ് നടത്തിയത്. ഇതിന് അറുതിയുണ്ടായേ മതിയാകൂവെന്നും ഒ.ഐ.സി അടിയന്തിര യോഗം മുന്നറിയിപ്പ നൽകി. ഇസ്രായിൽ അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര കോടതികളും ഐക്യരാഷ്ട്രസഭ സംവിധാനങ്ങളും ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണമെന്നും ഒ.ഐ.സി അഭ്യർഥിച്ചു.
 

Latest News