റിയാദ്- കിഴക്കൻ ജറുസലേം ഫലസ്തീനിന്റെ മണ്ണാണെന്നും അത് കവർന്നെടുക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സൗദി വിദേശകാര്യ ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പ്രസ്താവിച്ചു. ഇസ്രായിൽ സൈന്യം ഫലസ്തീനികൾക്കെതിരെ നടത്തുന്ന നിയമലംഘനവും അധിനിവേശവും അവസാനിപ്പിക്കാൻ അടിയന്തിരമായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ-ഇസ്രായിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അടിയന്തര ഒ.ഐ.സി (ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപറേഷൻ) വിർച്വൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു സൗദി വിദേശമന്ത്രി. ജറൂസലേമിലെ ഫലസ്തീനികളുടെ വീടുകൾ പിടിച്ചെടുക്കുന്ന ഇസ്രായിൽ നടപടിയെ സൗദി അറേബ്യ അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കിഴക്കൻ ജറുസലേമിൽനിന്ന് ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇസ്‌ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളിൽ ഇസ്രായിൽ നടത്തുന്ന നരഹത്യ അവസാനിപ്പിക്കണം. നിരപരാധികളായ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരങ്ങളാണ് ഇസ്രായിൽ അതിക്രമത്തിന്റെ ഇരകളാകുന്നത്.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര സമൂഹം മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തരമായി ഇടപെടണം- അദ്ദേഹം ആവശ്യപ്പെട്ടു.
ഖുദ്‌സിന്റെ സംരക്ഷണവും നിരായുധരായ ഫലസ്തീനികളുടെ വിമോചനവും നമ്മുടെ ഉത്തരവാദിത്വമാണ്. ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കുന്നതിനായി സൗദി അറേബ്യ എല്ലാശ്രമവും തുടരുമെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരെ അറിയിച്ചു.
ജറുസലേമിനെ സംരക്ഷിത മേഖലയായി നിലനിർത്തണമെന്നും ജൂത, ഇസ്‌ലാമിക, ക്രിസ്തീയ വിശ്വാസികൾക്ക് ഒരുപോലെ പ്രാധാന്യമുള്ളതാണ് ഈ പ്രദേശമെന്ന് ഒ.ഐ.സി അടിയന്തിര യോഗം പ്രസ്താവിച്ചു. 57 അംഗ രാജ്യങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്.
ഇപ്പോൾ മസ്ജിദുൽഅഖ്‌സയുടെ പരിസരങ്ങളിൽ അരങ്ങേറുന്നത് നിയമാനുസൃത അവകാശികളിൽനിന്ന് ഭൂമി കയ്യേറുകയും വസ്തുവകകൾ കൊള്ളയടിക്കലുമാണെന്നും തുടർന്ന് സംസാരിച്ച ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് പ്രസ്താവിച്ചു. ഇസ്രായിൽ നടപടി സമാധാനശ്രമങ്ങളുടെ കടക്കൽ കത്തിവെക്കുന്ന നടപടിയാണ്. ഫലസ്തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കൽ സംഘടനയുടെ പരമപ്രധാന ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായിൽ അറബികളെയും മുസ്‌ലിംകളെയും അന്താരാഷ്ട്ര നിയമങ്ങളെയും ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി പറഞ്ഞു. ഗാസയിലെ ഇസ്രായിൽ ബോംബാക്രമണത്തിൽ 10,000 പൗരന്മാർ ഭവന രഹിതരായിട്ടുെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും കിഴക്കൻ ജറുസലേമിലെയും സംഭവ വികാസങ്ങൾക്ക് ഇസ്രായിൽ മാത്രമാണ് കാരണമെന്ന് തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവും പറഞ്ഞു. ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ, യു.എ.ഇ, മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണെ, ഘാന, ടുണീഷ്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഇസ്രായിൽ ഭീകരതയെ അപലപിക്കുകയും ഇത് അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.