അൽറെയ്ൻ വാഹനാപകടം; മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങൾ ദമാമിൽ ഖബറടക്കും

റിയാദ്- ബിശ-റിയാദ് റോഡിൽ അൽറെയ്‌നിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ദമാമിൽ ഖബറടക്കും. മലപ്പുറം ജില്ലയിലെ ചെമ്മാട് പന്താരങ്ങാടി വലിയപീടിയേക്കൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് വസീം (30), വലിയ പീടിയേക്കൽ മുബാറക്കിന്റെ മകൻ മുഹമ്മദ് മുനീബ് (29) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച അൽറെയ്ൻ ജനറൽ ആശുപത്രിയിൽ നിന്ന് ദമാമിലേക്ക് കൊണ്ടുപോയി ഖബറടക്കുന്നത്.
പെരുന്നാൾ ദിവസം ദമാമിൽ നിന്ന് അബഹയിലേക്ക് ടൂർ പോയി മടങ്ങിവരുന്നതിനിടെ റിയാദിനടുത്ത അൽറെയ്നിൽ സൗദി പൗരൻ ഓടിച്ചിരുന്ന കാർ ഇവരുടെ കാറിലിടിക്കുകയായിരുന്നു. മുനീബായിരുന്നു കാർ ഓടിച്ചിരുന്നത്. മുനീബും വസീമും തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന ഷക്കീൽ തയ്യാല പരിക്കുകളോടെ രക്ഷപ്പെട്ടു. കൂട്ടിയിടിയെ തുടർന്ന് സൗദി പൗരന്റെ കാറിന് തീപിടിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തു. പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ചികിത്സയിലാണ്. അൽറെയ്‌നിൽ നിന്ന് 80 കിലോമീറ്റർ അകലെ ഞായറാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. 

 

വസീമും മുനീബും ഇറാം ഗ്രൂപിലാണ് ജോലി ചെയ്യുന്നത്. റാബിയയാണ് വസീമിന്റെ മാതാവ്. ഭാര്യ: നബീല. അസീം ഏകമകനാണ്. ലൈലയാണ് മുനീബിന്റെ മാതാവ്. ഭാര്യ: ഹസ്‌ന. മക്കൾ: മുബിൻ, മുനീർ, മബ്‌റൂക്ക്. റിയാദിലെ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, സിദ്ദീഖ് കല്ലുപറമ്പൻ, ശൗകത്ത് അല്‍റെയ്ന്‍ കെ.എം.സി.സി എന്നിവരാണ് ഖബറടക്കത്തിനുള്ള നടപടികൾ പൂർത്തിയാക്കാൻ രംഗത്തുള്ളത്.

Latest News