കോവിഡ് പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റേയും ജനങ്ങളുടേയും അലംഭാവമെന്ന് ആര്‍എസ്എസ്

നാഗ്പുര്‍- കോവിഡ് രണ്ടാം തരംഗം നേരിടുന്നതിലും നിയന്ത്രിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് തുറന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാതൃസംഘടനയായ ആര്‍എസ്എസ്. ഒന്നാം തരംഗത്തിനു ശേഷം സര്‍ക്കാരും ജനങ്ങളും കാണിച്ച അലംഭാവമാണ് കോവിഡ് ഇത്ര രൂക്ഷമാകാന്‍ വഴിയൊരുക്കിയതെന്നും രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ഡോക്ടര്‍മാര്‍ സൂചനകള്‍ നല്‍കിയിട്ടും സര്‍ക്കാരും ഭരണകൂടവും പൊതുജനങ്ങളും മുന്‍കരുതലുകള്‍ എടുത്തിലെന്നും അദ്ദേഹം പറഞ്ഞു. 

'ഇപ്പോള്‍ അവര്‍ പറയുന്നു മൂന്നാം തരംഗം വരുമെന്ന്. നാം അതിനെ ഭയക്കേണ്ടതുണ്ടോ? വൈറസിനെ സധൈര്യം നേരിടാനും തോല്‍പ്പിക്കാനുമുള്ള ശരിയായ സമീപനമാണ് ഉണ്ടാകേണ്ടത്,' അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ആഗോള തലത്തില്‍ തന്നെ മങ്ങലേറ്റിരുന്നു. ഇതിനു പരിഹാരമായി മുഖം രക്ഷിക്കല്‍ നടപടിയായി ആര്‍ എസ് എസ് തുടക്കമിട്ട 'പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്' എന്ന പേരിലുള്ള പ്രചാരണത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് മോഹന്‍ ഭാഗവത് ഇങ്ങനെ പറഞ്ഞത്.

രാജ്യത്തിന്റെ ശ്രദ്ധ ഭാവിയില്‍ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അതുവഴി അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാരിനും ജനങ്ങള്‍ക്കും തയാറായിരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Latest News