കൊൽക്കത്ത  ഐ.ഐ.എമ്മിൽ മലയാളിക്ക് ഒന്നാം റാങ്ക്

അസ്‌കർ ബാബു

മലപ്പുറം- കൊൽക്കത്ത ഐ. ഐ.എമ്മിൽനിന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്സിൽ (പി.ജി. ഡി.ബി.എ) മലയാളിക്ക് ഒന്നാം റാങ്ക്. മലപ്പുറം ചെറുകുളമ്പ് സ്വദേശി അസ്‌കർ ബാബു ആണ് അഭിമാനനേട്ടം സ്വന്തമാക്കിയത്. സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ലാ സെക്രട്ടറി ഊരോത്തൊടി കുഞ്ഞിമുഹമ്മദിന്റെയും ചെറുകുളമ്പ് എം.ആർ.എൽ.പി.എസ് പ്രധാനാധ്യാപിക എൻ.എച്ച് സഫിയയുടെയും മകനാണ്. ആദ്യമായാണ് ഒരു മലയാളി ഈ നേട്ടത്തിന് അർഹനാകുന്നത്. ഖൊരക്പൂർ ഐ.ഐ.ടിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയ ശേഷമാണ് ഐ.ഐ.എമ്മിൽ മാനേജ്‌മെന്റ് കോഴ്‌സ് പൂർത്തിയാക്കിയത്. ഇപ്പോൾ അമേരിക്കൻ കൺസൾട്ടന്റ് കമ്പനിയായ പി.ഡബ്ല്യു.സിയിൽ ജോലി ചെയ്യുന്നു. ഏക സഹോദരൻ റസൂൽ സലീം ഫ്രാൻസിൽ ഗവേഷകനാണ്.
പട്ടാമ്പി മഞ്ഞളുങ്ങൽ ഇറക്കിങ്ങൽ പരേതനായ മുഹമ്മദ്കുട്ടിയുടെയും ഷറീനയുടെയും പുത്രിയും പത്രപ്രവർത്തകൻ പരേതനായ പുത്തൂർ മുഹമ്മദിന്റെ പൗത്രിയുമായ ഗസലയാണ് ഭാര്യ. 

Latest News