Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

ശക്തിയാർജിച്ച് മഴയും കാറ്റും:  മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലേർട്ട്

കനത്ത മഴയിൽ എടക്കരയിൽ ചാലിയാർ പുഴയിലെ താൽക്കാലിക പാലം തകർന്നപ്പോൾ. 

മലപ്പുറം- അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു. ഇന്നു ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിലാണിത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ അതിശക്തമായ മഴക്കും കാറ്റിനുമാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴയുണ്ടാകാനാണ് സാധ്യത. ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂറിൽ ശക്തമായിരിക്കും. കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. അപകട സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്. തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മലയോര പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണം.


കോവിഡ് ചികിത്സ മുടങ്ങാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ചികിത്സാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിൽ വൈദ്യുത വിതരണം തടസ്സമില്ലാതെ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ആശുപത്രികളിൽ ജനറേറ്ററുകൾ സ്ഥാപിക്കാൻ നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു. വൈദ്യുത ബന്ധത്തിൽ തകരാറുകൾ വരുന്ന മുറക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കണ്ടെത്താനുള്ള തയാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. ടാസ്‌ക് ഫോഴ്‌സുകളും സജ്ജമാണ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 


ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ജലസേചന വകുപ്പ്, വൈദ്യുതി ബോർഡ്, കോസ്റ്റൽ പോലീസ് വിഭാഗങ്ങൾ അതീവ ജാഗ്രത തുടരുകയാണ്. അപകട മേഖലകളിലുള്ളവർക്ക് സഹായമെത്തിക്കാനും രക്ഷാ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും ഏകോപിപ്പിക്കാനും ജില്ലാ തലത്തിലും താലൂക്കു തലങ്ങളിലും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 
ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അഞ്ചു വീടുകൾ തകർന്നു. തിരൂർ, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലാണ് വീടുകൾക്ക് നാശനഷ്ടങ്ങളുണ്ടായത്. ജില്ലയിലെ മലയോര മേഖലകളിൽ മഴയും കാറ്റും വ്യാപക നാശം വിതച്ചു. 


മരങ്ങൾ കടപുഴങ്ങി വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. എടക്കരയിൽ ചാലിയാർ പുഴയിലെ താൽക്കാലിക പാലം ഒഴുകി പോയി. ജില്ലയുടെ തീരദേശ മേഖലയിൽ കടൽക്ഷോഭം വ്യാപകമായ നാശം വിതച്ചു. പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായിരുന്നു. നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
കനത്ത മഴയെ തുടർന്ന് മലപ്പുറം വള്ളുവമ്പ്രത്തും കോൽമണ്ണയിലും വീടുകൾക്ക് കേടുപാടുകൾ പറ്റി. നിർമാണത്തിലിരിക്കുന്ന വീടുകളുടെ സംരക്ഷണ ഭിത്തി തകർന്ന് നിലംപൊത്തുന്ന അവസ്ഥയിലാണ്. നാശനഷ്ടങ്ങൾ മലപ്പുറം എം.എൽ.എ പി. ഉബൈദുല്ലയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു.
പൂക്കോട്ടൂർ പഞ്ചായത്തിലെ വള്ളുവമ്പ്രത്താണ് കോൺഗ്രീറ്റിൽ നിർമിച്ച സംരക്ഷണ മതിൽ തകർന്ന് വീടുകൾ അപകടത്തിലായത്. പത്ത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലർച്ചെയാണ് രണ്ട് വീടിന്റെ പിറക് വശത്തെ കോൺഗ്രീറ്റ് ഭിത്തി തകർന്നത്. 


പൊന്നാനി താലൂക്കിലെ തീരദേശപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. പൊന്നാനി എം.ഇ.എസ് ഹയർ സെക്കന്ററി സ്‌കൂൾ, വെളിയങ്കോട് ഫീഷറീസ് എൽ.പി സ്‌കൂൾ, പാലപ്പെട്ടി ഫിഷറീസ് യു.പി സ്‌കൂൾ, വെളിയങ്കോട് ജി.എം യു.പി സ്‌കൂൾ എന്നീ നാല് സ്‌കൂളുകളിലായി ആരംഭിച്ച ക്യാമ്പുകളിൽ 137 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പിൽ 51 കുടുംബങ്ങളിലായി 41 പുരുഷന്മാരും 62 സ്ത്രീകളും 34 കുട്ടികളുമാണുള്ളത്.

 

 

Latest News