കാനത്തില്‍ ജമീല മന്ത്രിയാവാന്‍ സാധ്യതയേറി 

കൊയിലാണ്ടി-കൊയിലാണ്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.എം പ്രതിനിധി കാനത്തില്‍ ജമീല രണ്ടാം പിണറായി മന്ത്രിസഭയില്‍ പരിഗണിക്കപ്പെടുമെന്ന് സൂചന. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയില്‍ മികച്ച പ്രകടനാണിവരുടേത്.  ജമീല മന്ത്രിയാവുന്നതോടെ കൊയിലാണ്ടി മന്ത്രി മണ്ഡലമായി മാറും. പക്ക പാര്‍ട്ടിക്കാരിയെ മന്ത്രിയാക്കാമെന്നതാണ് ഇതിലെ മറ്റൊരു  നേട്ടം. മലബാറില്‍ നിന്ന് ഒരു മുസ്‌ലിം വനിതയെ ചരിത്രത്തിലാദ്യമായി മന്ത്രിയാക്കുക വഴി ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാനുമാവും. പാര്‍ട്ടി പാരമ്പര്യമില്ലാത്തവര്‍ മന്ത്രിയാവുന്നതിനേക്കാള്‍ പാര്‍ട്ടി അണികള്‍ക്കും താല്‍പര്യമിതാണെന്നാണ് രഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഏതായാലും പിണറായിയുടെ രണ്ടാം മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം കൂടാനാണ് സാധ്യത. ഇത് നാല് വരെയായാലും അത്ഭുതമില്ല. ആരോഗ്യമന്ത്രിയായി കെകെ ശൈലജ തന്നെ തുടരും. പുതുമുഖങ്ങളെ പരിഗണിക്കുന്ന സാഹചര്യത്തില്‍ ശൈലജയെ മാറ്റി നിര്‍ത്തണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത്തരം വാര്‍ത്തകള്‍ സിപിഎം കേന്ദ്രങ്ങള്‍ തന്നെ തള്ളിയിരുന്നു. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും മികച്ച പ്രതിച്ഛായ ഉള്ള മന്ത്രി ശൈലജ ഇത്തവണ 60,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.ശൈജലയെ കൂടാതെ രണ്ടാം തവണ എംഎല്‍എയായ വീണ ജോര്‍ജിന് അവസരം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. ജില്ലാകമ്മിറ്റി അംഗങ്ങളും ആദ്യമായി എംഎല്‍എ ആകുന്നവരുമായ ആര്‍.ബിന്ദു, കാനത്തില്‍ ജമീല എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. മെയ് 20 നാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 17 ന് മുന്‍പ് തന്നെ മന്ത്രിമാരെ സംബന്ധിച്ചുള്ള അന്തിമ തിരുമാനം ഉണ്ടായേക്കും. ഞായറാഴ്ചയാണ് ഘടകക്ഷികളുമായി അവസാന ചര്‍ച്ച നടക്കുന്നത്.ഇതോടൊപ്പം തന്നെ സ്വന്തം മന്ത്രിമാരെ സംബന്ധിച്ചും സിപിഎം അന്തിമ തിരുമാനം കൈക്കൊള്ളും. 
നിലവിലെ ധാരണ അനുസരിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിസ്ഥാനമാണ് സിപിഎമ്മിന് ലഭിക്കുക. ഇതില്‍ ഏറെയും പുതുമുഖങ്ങള്‍ തന്നെയായിക്കും. 


 

Latest News