Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

ഗൗരിയമ്മയുടെ പരാജയങ്ങൾ


കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തെ തുടർന്ന് നിരവധി പ്രതികരണങ്ങൾ വന്നു. സ്വാഭാവികമായും അവയിൽ ബഹുഭൂരിഭാഗവും വൈകാരികമായിരുന്നു. എന്നാൽ ഗൗരിയമ്മയുടെ ജീവിതത്തെ രാഷ്ട്രീയമായി തന്നെ വിലയിരുത്തേണ്ട സമയമാണിത്. പലവിധ കാരണങ്ങളാൽ കേരളത്തിലെ വലിയൊരു വിഭാഗം എഴുത്തുകാരും രാഷ്ട്രീയനേതാക്കളും പ്രവർത്തകരും അതിനു തയാറാകുമെന്ന് കരുതുക വയ്യ. പക്ഷെ അത്തരമൊരു പഠനം രാഷ്ട്രീയകേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. 


കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ പിന്നോക്ക സമുദായത്തിൽ ജനിച്ച ഒരു പെൺകുട്ടി മഹാരാജാസ് കോളേജിൽനിന്നു ബി.എ ബിരുദവും ലോ കോളേജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കുക എന്നത് നിസ്സാരകാര്യമല്ല. അവിടെനിന്നാരംഭിക്കുന്നു ഗൗരിയമ്മയുടെ പോരാട്ടങ്ങളും വിജയങ്ങളും. അതിനേക്കാൾ പ്രധാനപ്പെട്ട ഒന്നായിരുന്നു ഔദ്യോഗിക ജീവിതത്തിനു പോകാതെ മുഴുവൻ സമയ രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം. തീർച്ചയായും വീട്ടുകാരുടെ സമ്മതം അതിനുണ്ടായിരുന്നു. 
1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ ഗൗരിയമ്മയുടെ പാർലമെന്ററി ജീവിതവും ആരംഭിച്ചു. പിന്നീട് 1957-ലെ പ്രഥമ കേരള നിയമസഭയിൽ അംഗമായി. ഗൗരിയമ്മയെക്കുറിച്ച് പറയുമ്പോൾ സ്വാഭാവികമായും എല്ലാവരും ആദ്യം പറയുക ഭൂപരിഷ്‌കരണ നിയമത്തിനു തുടക്കമിട്ടു എന്നാണ്. നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന മുദ്രാവാക്യമുയർത്തി നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിനു ശേഷം സംഭവിച്ചതെന്താണ്? പതിനായിരക്കണക്കിനു കോളനികളിലേക്ക് ദളിത് വിഭാഗങ്ങൾ ആട്ടിയോടിക്കപ്പെട്ടു. 


തോട്ടം മേഖലയെ ഭൂപരിഷ്‌കരണത്തിൽനിന്ന് ഒഴിവാക്കിയതിന്റെ ഫലമായി ഇന്നും ആയിരക്കണക്കിന് ഏക്കർ തോട്ടം ഭൂമി വൻകിട കോർപ്പറേറ്റുകൾ കയ്യടക്കിവെച്ചിരിക്കുന്നു. അതെല്ലാം അനധികൃതമാണെന്നും പിടിച്ചെടുത്ത് ഭൂഹിതർക്ക് വിതരണം ചെയ്യണമെന്നും സർക്കാർ തന്നെ നിയമിച്ച കമ്മീഷൻ റിപ്പോർട്ടുകൾ ചവറ്റുകൊട്ടയിൽ കിടക്കുന്നു. പകരം ഭൂരഹിതരെ ആധുനിക കോളനികളായ കൊച്ചുഫഌറ്റുകളിലൊതുക്കുന്നു. മറുവശത്ത് തോട്ടം തൊഴിലാളികളുടെ ജീവിതവും ദുരിതമയമായി തുടരുന്നു. ഭൂപരിഷ്‌കരണത്തിന്റെ ഫലമായി കാർഷികരംഗം വളരുകയല്ല, തളരുകയാണുണ്ടായത്. കൃഷിഭൂമി ലഭിച്ചത് അതാവശ്യമുള്ളവർക്കായിരുന്നില്ല എന്നതിനാൽ അവയെല്ലാം നികത്തപ്പെട്ട് റിയൽ എസ്റ്റേറ്റ് വിഭവമായി. ഇതരസംസ്ഥാനങ്ങളിൽനിന്നു അരിയും പച്ചക്കറികളും എത്തിയില്ലെങ്കിൽ കേരളം പട്ടിണിയിലുമായി. ഈ യാഥാർഥ്യങ്ങളോട് മുഖം തിരിച്ച് ഭൂപരിഷ്‌കരണ നിയമത്തെ കൊട്ടിഘോഷിക്കുന്നത് രാഷ്ട്രീയമായി ശരിയാകുന്നതെങ്ങനെയാണ്? 
ഗൗരിയമ്മയുടെ മറ്റൊരു പ്രധാന സംഭാവനയായി ചൂണ്ടിക്കാട്ടപ്പെടുന്നത് ആദിവാസി ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതുപക്ഷെ ഉന്നയിക്കുന്നത് മുഖ്യധാരാ പ്രസ്ഥാനങ്ങളല്ല.

കാരണം അവരെല്ലാം അക്കാര്യത്തിൽ സ്വീകരിച്ച നിലപാട് ആദിവാസിവിരുദ്ധമായിരുന്നു. സംസ്ഥാനത്ത് നവസാമൂഹ്യപ്രസ്ഥാനങ്ങളും പ്രവർത്തകരുമാണ് ഇക്കാര്യത്തിൽ ഗൗരിയമ്മയുടെ നിലപാടിനെ പ്രകീർത്തിക്കുന്നത്. ആദിവാസികളുടെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവർക്ക് നിയമ സാധുത നൽകുന്ന ബില്ലിനെതിരെ നിയമസഭയിൽ ഉയർന്ന കൈകൾ ഗൗരിയമ്മയുടേതു മാത്രമായിരുന്നു. ജെ.എസ്.എസ് ഇത്തരം പ്രസ്ഥാനങ്ങളുമായി സഹകരിച്ചതും അത്തരമൊരു നിലപാടിനു പ്രേരകമായി. സി.കെ ജാനുവിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന കുടിൽകെട്ടി സമരം ഒത്തുതീർപ്പാക്കിയതിൽ മുഖ്യപങ്കു വഹിച്ചത് ഗൗരിയമ്മയായിരുന്നു. പിന്നീട് മുത്തങ്ങയൊക്കെ സംഭവിച്ചെങ്കിലും അന്നത്തെ കരാറനുസരിച്ച് നിരവധി ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭിച്ചു. അതവരുടെ ജീവിതത്തിലെ വിജയം തന്നെയാണ്. എന്നാൽ ഭൂപരിഷ്‌കരണം പോലെ ഇക്കാര്യത്തിലും തുടർച്ചയുണ്ടായില്ല. ഭൂപ്രശ്‌നം ഇപ്പോഴും പരിഹൃതമായിട്ടില്ല. ഭരണഘടനാപരമായ ആദിവാസി സ്വയംഭരണമോ വനാവകാശമോ ഇപ്പോഴും കേരളത്തിൽ കൃത്യമായി നടപ്പാക്കുന്നില്ല. 


ആദ്യകാല സംഭവവികാസങ്ങൾക്കുശേഷം ഗൗരിയമ്മയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തം ജെ.എസ്.എസ് രൂപീകരണമായിരുന്നു. അതിലേക്കുനയിച്ച യഥാർഥ കാരണങ്ങൾ ഏതൊരു രാഷ്ട്രീയവിദ്യാർഥിക്കും ഇന്നറിയാം. മുഴുവൻ കേരളീയരുടേയും പ്രതീക്ഷകളെ തകിടം മറിച്ച് ഒരു വനിതാ മുഖ്യമന്ത്രി എന്ന രാഷ്ട്രീയസ്വപ്‌നത്തെ സി.പി.എമ്മിലെ സവർണ്ണ - പുരുഷ ശക്തികൾ അട്ടിമറിക്കുകയായിരുന്നു. അതോടെയാരംഭിച്ച പ്രശ്‌നങ്ങളാണ് പിന്നീട് അവരെ പാർട്ടിയിൽനിന്നു പുറത്താക്കുന്നതിലേക്ക് എത്തിച്ചത്, മുൻനക്‌സലൈറ്റ് നേതാക്കളായ കെ. വേണുവിന്റേയും അജിതയുടേയും മറ്റും സാന്നിധ്യം അതിന് ജനാധിപത്യ, പിന്നോക്ക - ദളിത് - സ്ത്രീ പക്ഷ മുഖം നൽകി. വർഗസമരവും സാമൂഹ്യനീതിയും എന്ന പ്രസക്തമായ മുദ്രാവാക്യമായിരുന്നു പാർട്ടി മുന്നോട്ടുവെച്ചത.് രാഷ്ട്രീയത്തിൽ ബദലന്വേഷിച്ചിരുന്നവരുടേയും ജനാധിപത്യ വിശ്വാസികളുടേയും പ്രതീക്ഷയായി ജെ.എസ്.എസ് മുന്നോട്ടുപോയെങ്കിലും അത് അധികകാലം നിലനിന്നില്ല. 


രൂപീകരണ സമയത്തുയർത്തിയ രാഷ്ട്രീയ നിലപാടുകളെല്ലാം കൈയൊഴിഞ്ഞ് എം.വി. ആറിനെപോലെ തന്നെ അവർ യു.ഡി.എഫിലേക്കുപോയി. വർഷങ്ങൾക്കുശേഷം എൽ.ഡി.എഫിലേക്കും. അതിനിടയിൽ പാർട്ടി നാമാവശേഷമായി. കമ്യൂണിസ്റ്റ് എന്ന പേരുപേക്ഷിച്ച് ജെ.എസ്. എസ് രൂപീകരിച്ച അവർ മരിച്ചാൽ ചെങ്കൊടി പുതപ്പിക്കണമെന്ന ആഗ്രഹം തുറന്നുതന്നെ പ്രഖ്യാപിച്ചു. അത് സഫലമായി. പക്ഷെ സാമൂഹ്യനീതിക്കായി എടുത്ത നിലപാടുകളും പോരാട്ടങ്ങളും അതിനിടെ വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു. സംഘർഷകാലത്ത് അവർ വിളിച്ചുപറഞ്ഞ പാർട്ടിയിലെ സവർണ്ണ - പുരുഷാധിപത്യ നിലപാടുകളോടും  സന്ധിചെയ്തു. 


ചരിത്രപ്രധാനമായ വനിതാകമ്മീഷൻ രൂപീകരണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് ഗൗരിയമ്മയായിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ തന്നെപോലെ ശക്തയായ പിൻഗാമി ഉണ്ടായില്ല എന്നത് മറ്റു പല കാരണങ്ങളോടൊപ്പം ഗൗരിയമ്മയുടെ കൂടി പരാജയമാണ്. നിയമസഭയിൽ 10 ശതമാനംപോലും വനിതാ അംഗങ്ങളില്ലാത്ത അവസ്ഥയിലാണ് ഇന്നു കേരളം. 
ഗൗരിയമ്മയുടെ ജീവിതത്തിലെ വ്യക്തിപരമായ രണ്ടുവിഷയങ്ങൾ കൂടി സൂചിപ്പിക്കട്ടെ. ഒന്ന് ഏറെ ചർച്ചചെയ്യപ്പെട്ട അവരുടെ വിവാഹവും തുടർസംഭവങ്ങളുമാണ്. പാർട്ടി പിളർന്നതിനെ തുടർന്ന് വിവാഹജീവിതവും പിരിഞ്ഞത് ശരിയായിരുന്നോ എന്നത് ഓരോരുത്തരുടേയും നിലപാടനുസരിച്ച് മാറിവരാം. എന്നാൽ പിന്നീട് അക്കാര്യത്തിൽ അവരേറെ വേദനിച്ചു എന്നതാണ് യാഥാർഥ്യം. മനുഷ്യരുടെ വൈയക്തികമായ വിഷയങ്ങളെപോലും നിയന്ത്രിക്കുന്ന പാർട്ടി ചട്ടക്കൂടുകൾ തകരേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്. മറ്റൊന്നു അവരുടെ ചിതാഭസ്മം വർക്കല പാപനാശത്തിൽ നിമജ്ജനം ചെയ്യാനുള്ള കുടംബാംഗങ്ങളുടെ തീരുമാനമാണ്. ഇക്കാര്യത്തിൽ ഗൗരിയമ്മയുടെ താൽപ്പര്യം എന്തായിരുന്നു എന്ന് അറിയില്ല. വാർധക്യമായതോടെ അവർ ഭക്തിമാർഗത്തിലെത്തി എന്ന വാർത്തയുണ്ടായിരുന്നു. എന്തായാലും ഈ സംഭവത്തെ ഒരു തിരിച്ചുപോക്കായേ കരുതാനാകൂ. കൗമാരത്തിൽ തന്നെ ഉശിരോടെ, രാഷ്ട്രീയ ആർജ്ജവത്തോടെ മുന്നോട്ടുവന്ന ഗൗരിയമ്മ, ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആരംഭിച്ച പുറകോട്ടു നടത്തിന്റെ അവസാനഭാഗമാണ് ഈ നിമജ്ജനം. അതാകട്ടെ കേരളത്തിന്റെ തന്നെ പിന്നോട്ടു നടത്തമാണെന്നു പറയേണ്ടിവരും.  

Latest News