Sorry, you need to enable JavaScript to visit this website.

കണക്ക് കേന്ദ്രത്തിന്റെ പക്കല്‍ തന്നെ ഉണ്ട്; ഗംഗയില്‍ ഒഴുക്കിയത് 2000ലേറെ മൃതദേഹങ്ങളെന്ന് 

ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ കോവിഡ് ബാധിച്ച് മരിച്ചവരെന്ന് സംശയിക്കപ്പെടുന്നവരുടെ രണ്ടായിരത്തിലേറെ മൃതദേഹങ്ങളാണ് ഗംഗാ നദിയില്‍ ഒഴുക്കിവിട്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കലുള്ള കണക്കുകള്‍. ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും വിവിധ ജില്ലാ ഭരണകൂടങ്ങളില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ച കണക്കുകളാണിവ. ഗംഗ തീരത്തെ വിദൂര ഗ്രാമങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടേതാണ് ഈ മൃതദേങ്ങളെന്നും സര്‍ക്കാര്‍ തന്നെ സൂചന നല്‍കുന്നു. ഈ ഗ്രാമങ്ങളിലെ ദാരിദ്ര്യം മൂലം കുടുംബങ്ങള്‍ക്ക് മരിച്ച ഉറ്റവരുടെ അന്ത്യകര്‍മങ്ങള്‍ക്കുള്ള സാമ്പത്തിക ചെലവ് പോലും താങ്ങാന്‍ കഴിയില്ല. ഇതുമൂലം മൃതദേഹങ്ങളെ ഇവര്‍ നദിയില്‍ തള്ളുന്നതാണ് ഇത്രയധികം മൃതദേഹങ്ങള്‍ ഗംഗയിലൂടെ ഒഴുകിയെത്താന്‍ കാരണം. യുപിയിലും ബിഹാറിലുമായി 1400 കിലോമീറ്ററിലേറെ ദൂരം ഗംഗ ഒഴുകുന്നുണ്ട്.

യുപിയിലെ കാന്‍പൂര്‍, ഗാസിപൂര്‍, ഉന്നാവ്, ബല്ലിയ ജില്ലകളിലാണ് കൂടുതലായി മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്ന പ്രവണ ഉള്ളത്. ഇത് ബിഹാറിലേക്ക് ഒഴുകുകയാണ്. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നത് തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം രണ്ടു സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് കൂടുതല്‍ കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്.

ഗംഗാ തീരത്ത് പോലീസ് പട്രോളിങ് ശക്തമാക്കാനും  മൃതദേഹം നദിയില്‍ ഒഴുക്കുന്നതിനെതിരെ ഗ്രാമീണരില്‍ ബോധവല്‍ക്കരണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴുകിയെത്തിയ ഒട്ടുമിക്ക മൃതദേങ്ങളും ആചാരപ്രകാരം സംസ്‌ക്കരിച്ചുവെന്നാണ് റിപോര്‍ട്ട്. 

യുപിയിലേയും ബിഹാറിലേയും വിദൂര ഗ്രാമങ്ങളില്‍ കോവിഡ് പിടിമുറുക്കുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ ആശങ്കയിലാണ്. ആഭ്യന്തര മന്ത്രാലത്തിന്റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളും തിരക്കിട്ട് നടപടികള്‍ സ്വീകരിച്ചു വരികയാണ്. നദീജല മലിനീകരണവും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും മുന്‍നിര്‍ത്തിയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
 

Latest News