Sorry, you need to enable JavaScript to visit this website.

ഹിന്ദു-മുസ്ലിം വിവാഹം; കലാപ നീക്കം പരാജയപ്പെട്ടു

വിവാഹ സല്‍ക്കാരം പ്രതിഷേധക്കാര്‍ അലങ്കോലമാക്കി (ബി.ജെ.പി പ്രകടനത്തിന്റെ ഫയല്‍ ചിത്രം)

ഗാസിയാബാദ്- ഹിന്ദു യുവതിയെ മുസ്ലിം യുവാവ് വിവാഹം ചെയ്തതിനെ ചൊല്ലി ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കലാപത്തിനു നടത്തിയ ശ്രമം പരാജയപ്പെട്ടു. നൂറിലേറെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
യുവതിയുടെ ഗാസിയാബാദിലെ വീട്ടില്‍ സംഘടിപ്പിച്ച വിവാഹ വിരുന്ന് അലങ്കോലപ്പെടുത്താനാണ് തീവ്രഹിന്ദുത്വ വാദികള്‍ ശ്രമിച്ചത്. ദമ്പതികള്‍ക്കു വേണ്ടി യുവതിയുടെ വീട്ടുകാരാണ് വിരുന്ന് സംഘടിപ്പിച്ചത്. ഇതറിഞ്ഞ തീവ്രവാദികള്‍ ലൗ ജിഹാദെന്ന സ്ഥിരം ആരോപണം ഉന്നയിച്ച് യുവതിയുടെ വീടിനു മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.  ഇതു വഴി കടന്നു പോയ വാഹനങ്ങളും ഇവര്‍ തടഞ്ഞു.
യുവതിയുടെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ലാത്തി വീശി പ്രതിഷേധക്കാരെ ആട്ടിയോടിച്ചു. വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടാന്‍ ശ്രമിച്ചതു കൊണ്ടാണ് പ്രതിഷേധക്കാരെ തുരത്തിയോടിച്ചതെന്ന് പോലീസ് പറഞ്ഞു. ആരുടെ വീട്ടിലേക്കും ഇരച്ചു കയറാന്‍ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി എച്ച്.എന്‍ സിങ് പറഞ്ഞു.
മുസ്്‌ലിം യുവാവുമായുള്ള മകളുടെ വിവാഹം നടത്തരുതെന്ന് പറഞ്ഞ് ഭീഷണിയുമായി നിരവധി ഫോണ്‍ വിളികളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി തനിക്കു ലഭിച്ചതെന്ന് യുവതിയുടെ പിതാവ് പുഷ്‌പേന്ദ്ര കുമാര്‍ പറഞ്ഞു. വിവാഹിതരാകുന്ന രണ്ടു പേരും പക്വതയുള്ളവരും മുതിര്‍ന്നവരുമാണ്. ശരിതെറ്റുകള്‍ നിര്‍ണയിക്കാന്‍ അവര്‍ക്കറിയും -അദ്ദേഹം പറഞ്ഞു.
വധു നുപൂര്‍ സിംഗാള്‍ പിഎച്ച്.ഡി ഗവേഷണ ബിരുദമുള്ള മനശ്ശാസ്ത്ര വിദഗ്ധയാണ്. വരന്‍ മന്‍സൂര്‍ ഹര്‍ഹത്ത് ഖാന്‍ എം.ബി.എ ബിരുദധാരിയും സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനുമാണ്.
ഇവരുടെ വിവാഹ വിരുന്ന് മുടക്കാനും കലാപമുണ്ടാക്കാനും ശ്രമിച്ച സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് അജയ് ശര്‍മ, ബിസിനസുകാരന്‍ ദിനേശ് ഗോയല്‍, ശിവസേന ഉത്തര്‍ പ്രദേശ് അധ്യക്ഷന്‍ മഹേഷ് അഹൂജ, ഹിന്ദു രക്ഷാദള്‍ നേതാവ്  പ്രദീപ് ചൗധരി, ജയ് ശിവസേനാ നേതാവ് അമിത് ആര്യന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 100 പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.

 

Latest News