Sorry, you need to enable JavaScript to visit this website.

വ്യാജ കോവിഡ് മരുന്ന് നല്‍കിയ രോഗികൾ സുഖം പ്രാപിച്ചു; വില്‍പ്പനക്കാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

ഭോപാല്‍- മധ്യപ്രദേശിൽ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിര്‍ ഇന്‍ജക്ഷന്റെ പേരിലിറക്കിയ വ്യാജ മരുന്ന് കുത്തിവെച്ച കോവിഡ് രോഗികളില്‍ 90 ശതമാനം പേരും സുഖം പ്രാപിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗുജറാത്തിലെ വ്യാജ മരുന്ന മാഫിയയാണ് ഇതു വിതരണം ചെയ്തത്. ഇതു വില്‍പ്പന നടത്തിയ സംഘത്തെ ഇന്ദോറില്‍ നിന്നും ജബല്‍പൂരില്‍ നിന്നും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനാണ് പോലീസ് നീക്കം. കോവിഡ് മരണങ്ങളും വ്യാജ മരുന്ന് കുത്തിവെപ്പും ബന്ധിപ്പിക്കുന്ന കണ്ണി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനായി മൃതദേഹങ്ങളും ലഭ്യമല്ലെന്നതാണ് പോലീസ് നേരിടുന്ന വെല്ലുവിളി. 

ഒറിജിനല്‍ റെംഡിസിവിര്‍ മരുന്ന് കുത്തിവച്ച കോവിഡ് ബാധിതരെ അപേക്ഷിച്ച് വ്യാജ മരുന്ന് കുത്തിവച്ചവര്‍ക്ക് വേഗത്തില്‍ രോഗം സുഖപ്പെട്ടതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ കുത്തിവെപ്പുകള്‍ ലളിതമായ ഗ്ലൂക്കോസ്-സാള്‍ട്ട് മിശ്രിതമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഞങ്ങല്‍ മെഡിക്കല്‍ വിദഗ്ധരല്ല, എങ്കിലും ഡോക്ടര്‍മാര്‍ ഇതു പരിശോധിക്കണമെന്നും ഒരു ഓഫീസര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു. 

വ്യാജ റെംഡിസിവിര്‍ ഇന്‍ജക്ഷനെടുത്ത 10 രോഗികള്‍ ഇന്ദോറില്‍ മരിച്ചു. ഗുജറാത്തിലെ ഒരു സംഘത്തില്‍ നിന്ന് വാങ്ങിയ മരുന്നായിരുന്നു ഇത്. എന്നാല്‍ ഗ്ലൂക്കോസ്-സാള്‍ഡ് മിശ്രിതം കുത്തിവച്ച നൂറോളം രോഗികള്‍ കോവിഡിനെ അതിജീവിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചതിനാല്‍ വ്യാജ മരുന്നിന്റെ പ്രത്യാഘാതങ്ങള്‍ കണ്ടെത്തുക അസാധ്യമാണ്- ഒരു ഓഫീസര്‍ പറഞ്ഞു. 

കോവിഡ് രോഗികളില്‍ റെംഡിസിവിര്‍ കുത്തിവെയ്പ്പ് രോഗതീവ്രത കുറയ്ക്കാനും ആശുപത്രി വാസം ഒഴിവാക്കാനും സഹായിച്ചേക്കുമെങ്കിലും മരണ നിരക്ക് കുറക്കുമെന്നത് തെളിയിക്കപ്പെട്ടിട്ടില്ല. കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ റെംഡിസിവിറും ഡിമാന്‍ഡ് വര്‍ധിക്കുകയായിരുന്നു. വ്യാജ ഡോക്ടര്‍മാരും ദന്ത ഡോക്ടര്‍മാരും വരെ രോഗികള്‍ക്ക് റെംഡിസിവിര്‍ കുറിപ്പെഴുതി കൊടുക്കുന്നതും പതിവായി. വിപണയില്‍ വലിയ ക്ഷാമം നേരിടുന്ന മരുന്നാണിത്. ഗുജറാത്തില്‍ മേയ് ഒന്നിന് അറസ്റ്റിലായ വ്യാജ മരുന്ന് മാഫിയാ സംഘം മധ്യപ്രദേശിലെ ഇന്ദോറിലും ജബല്‍പൂരിലുമായി 1200 വ്യാജ റെംഡിസിവിര്‍ ഇന്‍ജക്ഷനുകള്‍ വിറ്റതായും വെളിപ്പെടുത്തിയിരുന്നു.
 

Latest News