അമിത് ഷാ പുത്രന്റെ സമ്പത്ത്; വെബ്‌സൈറ്റിന്റെ വിലക്ക് നീക്കി

അഹമദാബാദ്- 2014 ല്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സമ്പത്തിലുണ്ടായ അസാധാരണ വര്‍ധന സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് വാര്‍ത്താ പോര്‍ട്ടലായ ദി വയറിനെതിരെ ഉണ്ടായിരുന്ന വിലക്ക് കോടതി നീക്കി.
ജയ് ഷായുടെ പരാതിയെ തുടര്‍ന്നാണ് അദ്ദേഹത്തെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് വയറിനെ കോടതി വിലക്കിയിരുന്നത്. അഹമദാബാദിലെ മിര്‍സാപൂര്‍ സിവില്‍ കോടതിയാണ് ശനിയാഴ്ച വിലക്ക് നീക്കി ഉത്തരവിട്ടത്.
ജയ് ഷായുടെ ബിസിനസ് വളര്‍ച്ച സംബന്ധിച്ച് ജയ് അമിത്ഷായുടെ സുവര്‍ണ സ്പര്‍ശം എന്ന തലക്കെട്ടിലാണ് ഒക്ടോബറിര്‍ എട്ടിന് വയര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഒരു ഭാഷയിലും വാര്‍ത്തയോ ചര്‍ച്ചയോ ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിക്കരുതെന്നായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.

എന്നാല്‍ ഇത് മാധ്യമ സ്വാതന്ത്യത്തിനെതിരാണെന്നും ഭരണാഘടനാ വിരുദ്ധമായ നിയന്ത്രണമാണെന്നും ചൂണ്ടിക്കാട്ടി ദി വയര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ അപകീര്‍ത്തിപരമായി ഒന്നുമില്ലെന്നും റിപ്പോര്‍ട്ടിലെ വസ്തുതകളെല്ലാം ജയ് ഷാ സമര്‍പ്പിച്ചതു പ്രകാരമുള്ള സര്‍ക്കാര്‍ രേഖകളിലെ വിവരങ്ങള്‍ മാത്രമാണെന്നും വയര്‍ കോടതിയെ ബോധിപ്പിച്ചു.
ലേഖനത്തില്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം എന്ന പ്രയോഗം മാറ്റണമെന്ന് കോടതി നിര്‍ദേശിച്ചു. മോഡി പ്രധാനമന്ത്രിയായ ശേഷമാണ് ജയ് ഷായുടെ ബിസിനസ് അസാധാരണ വളര്‍ച്ചയുണ്ടാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്.

 

Latest News