ഐസ്വാള്‍- മിസോറാം വൈദ്യുതി വകുപ്പു മന്ത്രി ആര്‍ ലല്‍സിര്‍ലിയാന ഏതാനും ദിവസങ്ങളായി കോവിഡ് ബാധിച്ച് സോറാം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി മുറിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പുതിയൊരു ചിത്രമാണിപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ വലിയ ചര്‍ച്ച. 71കാരനായ മന്ത്രി ആശുപത്രി വേഷത്തില്‍ തന്റെ മുറിയില്‍ ഒരു മോപ് ഉപയോഗിച്ച് മന്ത്രി നിലം തുടച്ചു വൃത്തിയാക്കുന്നതാണ് ചിത്രം. കാമറയ്ക്കു വേണ്ടി പോസ് ചെയ്തതല്ലെന്നു ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. വിഐപി സംസ്‌ക്കാരം ഉപേക്ഷിക്കാന്‍ മന്ത്രി കാണിച്ച വിശാല മനസ്സിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ. മന്ത്രി വേറിട്ട ഒരു മാതൃകയാണ് കാണിച്ചിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പറയുന്നു.
വെള്ളിയാവ്ച ഈ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ മിസോ നാഷനല്‍ ഫ്രണ്ട് നേതാവ് കൂടിയായ മന്ത്രി ഒരു വിശദീകരണവും നല്‍കി. ആശുപത്രി ജീവനക്കാരെ വിലകുറച്ചു കാണിക്കാനല്ല താന്‍ അതു ചെയ്തതെന്നാണ് മന്ത്രി പറഞ്ഞത്. മുറി വൃത്തികേടായി കിടക്കുന്നത് കണ്ടപ്പോള്‍ സ്വീപറെ വിളിച്ചെങ്കിലും കിട്ടിയില്ല. അതുകൊണ്ടാണ് താനിത് ചെയ്തതെന്ന് ഒരു പ്രാദേശിക മാധ്യമത്തോട് അദ്ദേഹം പറഞ്ഞു. ഇതിലൊന്നും പുതുമയില്ല, അടിച്ചു വാരലും നിലം തുടക്കലും മറ്റു വീട്ടുജോലികള്‍ ചെയ്യലുമെല്ലാം ഞാന്‍ വീട്ടിലും പതിവായി ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. ഒരു മന്ത്രി എന്ന നിലയില്‍ വിഐപി പരിഗണന താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






