Sorry, you need to enable JavaScript to visit this website.

പ്രവാസി ഭവനനിർമാണ പദ്ധതി പരിഗണനയിൽ-മുഖ്യമന്ത്രി

മലപ്പുറം- സ്വന്തമായി വീടില്ലാത്ത പ്രവാസികൾക്കു വേണ്ടി ഭവന നിർമാണ പദ്ധതി ആവിഷ്‌കരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പ്രവാസി വെൽഫെയർ ബോർഡിന്റെ പ്രവാസി കൂട്ടായ്മയും സമ്പൂർണ അംഗത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മലപ്പുറത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
പ്രവാസി വെൽഫെയർ ബോർഡ് ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതോടെ എളുപ്പത്തിൽ അംഗത്വമെടുക്കാനും പ്രവർത്തനങ്ങൾ അതിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2.2 ലക്ഷം പേരാണ് ഇപ്പോൾ ബോർഡിൽ അംഗങ്ങളായിട്ടുള്ളത്. ഇതു പത്ത് ലക്ഷത്തിലേക്കു ഉയർത്താൻ കഴിയണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളെകൂടി ഇതിന്റെ ഭാഗമാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കേരളത്തിന്റെ സമഗ്ര വളർച്ചയിൽ പ്രവാസി സമൂഹത്തിന് വലിയ പങ്കുണ്ട്. ഇതു മനസിലാക്കികൊണ്ടു പ്രവാസി ക്ഷേമത്തിനായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ ഇന്നത്തെ വികസന പ്രശ്‌നങ്ങളിൽ പ്രവാസികൾക്കു വലിയ പങ്ക് വഹിക്കാൻ കഴിയും. 
ലോക കേരളസഭ അതിനുള്ള സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. പല മേഖലകളിലും വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന മലയാളികൾ രാജ്യത്തിനു പുറത്തുണ്ട്.  നാടിന്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകാൻ അവർക്കു കഴിയും. വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾക്കു പരസ്പരം മനസിലാക്കാനും ലോക കേരള സഭ ഉപകരിക്കും. ഇതു  പ്രവാസികളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന വേദിയല്ല, മറിച്ചു കേരളത്തിന്റെ പ്രശ്‌നങ്ങളിൽ പ്രവാസികൾക്ക് ഇടപെടാനുള്ള വേദിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  
കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, ടി.കെ ഹംസ, പി.എം.എ സലാം, ബോർഡ് സി.ഇ.ഒ സി. ജോസ്, ഡയറക്ടർമാരായ ആർ. കൊച്ചുകൃഷ്ണൻ, കെ.കെ. ശങ്കരൻ, കെ.സി സജീവ് തൈക്കാട്, ബാദുഷ കടലുണ്ടി എന്നിവർ പങ്കെടുത്തു.
 

Latest News