ക്ഷേതങ്ങളില്‍ പുതുവത്സരാഘോഷം പാടില്ലെന്ന് ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്- ക്ഷേത്രങ്ങളില്‍ പുതുവത്സരാഘോഷം വലക്കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇതു സംബന്ധിച്ച് ഡിസംബര്‍ 21 നാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ആന്ധ്രാ സര്‍ക്കാറിന്റെ  തീരുമാനം.
ഹിന്ദുധര്‍മ്മ പരിരക്ഷണ ട്രസ്റ്റ് വഴി ആന്ധ്രാപ്രദേശ് എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഹിന്ദുക്ഷേത്രങ്ങളില്‍ ജനുവരി ഒന്നിന് ആഘോഷങ്ങള്‍ നടത്താന്‍ പാടില്ലെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ വര്‍ഷവും പുതുവത്സര ദിനത്തില്‍ ക്ഷേത്രങ്ങള്‍ പൂക്കള്‍ കൊണ്ടലങ്കരിക്കുകയും ഭക്തര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യാറുണ്ട്. ഇതനുവദിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ആന്ധ്രാപ്രദേശില്‍ 1500 ക്ഷേത്രങ്ങളാണുള്ളത്.
ഇന്ത്യ സ്വതന്ത്രയായിട്ട് 70 വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും നമ്മള്‍ പിന്തുടരുന്നത് ബ്രീട്ടീഷ് ഭരണകാലത്ത് ശീലിച്ച ഇംഗ്ലീഷ് കലണ്ടറാണ്. ജനുവരി ഒന്ന് പുതുവര്‍ഷമായി കണക്കാക്കുന്നതും എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നതും ഭാരതീയ വേദപാരമ്പര്യത്തിന് ചേര്‍ന്ന കാര്യമല്ല- ഹിന്ദുധര്‍മ്മ പരിരക്ഷണ ട്രസ്റ്റ് സെക്രട്ടറി ഡോ.സി.രാഘവാചാര്യലു പറഞ്ഞു.
ചൈത്രമാസത്തിന്റെ ഒന്നാം ദിനമായ ഉഗഡിയാണ് ഇന്ത്യന്‍ പുതുവര്‍ഷമായി ആഘോഷിക്കേണ്ടതെന്നും രാഘവാചാര്യലു പറഞ്ഞു.

 

Latest News