Sorry, you need to enable JavaScript to visit this website.
Friday , June   25, 2021
Friday , June   25, 2021

ഈദുൽഫിത്വ്‌റും മുസ്‌ലിം ലോകവും 

ഖുദ്‌സിന്റെ അകത്തളങ്ങളിൽ നിന്നും ഫലസ്തീനിന്റെ പരിസരങ്ങളിൽ നിന്നും വെടിയൊച്ചകളുടെയും വ്യോമാക്രമണങ്ങളുടെയും ഭീതിപ്പെടുത്തുന്ന ദുഃഖകരമായ വാർത്തകൾ കേട്ടുകൊണ്ടാണ് മുസ്‌ലിം ലോകം ഇത്തവണ ഈദുൽ ഫിത്വ്ർ ആഘോഷിച്ചത്. ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയ ആത്മസംതൃപ്തിയിൽ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് ഏറെ സന്തോഷത്തോടെ ഈദുൽ ഫിത്വ്ർ ദിവസത്തിലേക്ക് പ്രവേശിക്കാറുള്ള വിശ്വാസികൾ ഇത്തവണ പ്രതിസന്ധികളും ഭയപ്പാടുകളും നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ് ഈദിനെ വരവേറ്റത്. മക്കയിലും മദീനയിലും ഗൾഫ് നാടുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഈദുഗാഹുകളിലും പള്ളികളിലുമായി പെരുന്നാൾ നമസ്‌കാരം നിർവഹിക്കപ്പെട്ടപ്പോൾ കേരളമടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിറപ്പകിട്ടുകളോ ഒത്തുചേരലുകളോ വിരുന്നുകളോ ആശ്ലേഷണങ്ങളോ  ഹസ്തദാനങ്ങളോ ഇല്ലാതെ സ്വന്തം വീടകങ്ങളിൽ ഒതുങ്ങിക്കൂടിയാണ്  ഈദ് ആഘോഷിച്ചത്. ഈദുഗാഹുകളിലോ പള്ളികളിലോ സമ്മേളിച്ചുകൊണ്ട് പരസ്പരം കണ്ടുമുട്ടുവാനും ഉപദേശങ്ങൾ ശ്രവിക്കുവാനുമുള്ള അവസരം അവർക്കുണ്ടായില്ല. പെരുന്നാളിന്റെ ആരവങ്ങൾ അങ്ങാടികളിൽ അലയടിച്ചില്ല. തെരുവുകളിലും പാതയോരങ്ങളിലും കുട്ടികൾ ഈദിന്റെ വർണ്ണം പരത്തിയില്ല. 

കണ്ണു നനയിച്ച ഫലസ്തീൻ
ഖുദ്‌സിൽ നിന്നും മുഴങ്ങുന്നത് ഇസ്രായിലിന്റെ ധാർഷ്ട്യത്തിന്റെ മുഴക്കങ്ങളാണ്. ഇസ്രായിൽ എന്ന രാഷ്ട്രം അനധികൃതമായി ജന്മമെടുത്ത ശേഷം തദ്ദേശീയരായ ഫലസ്തീനികൾ അനുഭവിച്ച ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും ചരിത്രം വിവരണാതീതമാണ്. റമദാൻ ദിനങ്ങളിൽ മസ്ജിദുൽ അഖ്‌സയിൽ പ്രാർത്ഥനക്കായി എത്തിയ വിശ്വാസികൾക്ക് നേരെയാണ് ഇപ്പോൾ ഇസ്രായിൽ ആക്രമണം നടത്തിയിരിക്കുന്നത്.  മസ്ജിദുൽ അഖ്‌സ ഇസ്‌ലാം മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം പവിത്രഗേഹമാണ്. മക്കയിലെ മസ്ജിദുൽ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ജറൂസലമിലെ മസ്ജിദുൽ അഖ്‌സ എന്നീ ആരാധനാലയങ്ങൾ മുസ്‌ലിംകളെ സംബന്ധിച്ച് പുണ്യഗേഹങ്ങളാണ്. 1917 ൽ ജൂത രാഷ്ട്രത്തിന് വിത്തുപാകിയ ബാൽഫർ പ്രഖ്യാപനത്തിൽ പോലും ജൂതേതര സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത ഇസ്രായിലിനുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ 1948 ൽ ഇസ്രായിൽ പിറന്നപ്പോൾ മസ്ജിദുൽ അഖ്‌സയിലെ മുസ്‌ലിംകളുടെ ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്ന് അവർ ഉറപ്പ് നൽകിയതുമാണ്. ഐക്യരാഷ്ട്ര സഭയുടെ 194ാം പ്രമേയത്തിൽ വളരെ വ്യക്തമായി ഇത്  രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ പല സന്ദർഭങ്ങളിലായി മസ്ജിദുൽ അഖ്‌സയിൽ കുഴപ്പങ്ങളുണ്ടാക്കി അതിന്റെ പൂർണ്ണാധിപത്യം കൈക്കലാക്കാൻ അവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെ ചെറുത്തു നിൽക്കുന്നവരെ മുഴുവൻ തീവ്രവാദികളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നു. 
ഈദുൽ ഫിത്വ്ർ ദിനത്തിൽ ഫലസ്തീനിൽ നിന്നും പൊഴിയുന്നത് സന്തോഷത്തിന്റെ പെരുമഴയല്ല. കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും രക്ഷിതാക്കൾ നഷ്ടപ്പെട്ട പിഞ്ചോമനകളുടെയും സങ്കടങ്ങളുടെയും വിലാപങ്ങളുടെയും അശ്രുകണങ്ങളാണ് അഖ്‌സയുടെ തിരുമുറ്റത്ത് ഉതിർന്നുകൊണ്ടിരിക്കുന്നത്. മസ്ജിദുൽ അഖ്‌സയുടെ പരിസരങ്ങളിലും ഗാസയിലും ഒരാഴ്ചയായി തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രായിൽ നരനായാട്ടിൽ കുട്ടികളടക്കം ധാരാളം പേർ കൊല്ലപ്പെടുകയുണ്ടായി. ജറൂസലമിൽ നിന്ന് പൂർണ്ണമായും ഫലസ്തീനികളെ നീക്കം ചെയ്ത് ജറൂസലമിനെ ഇസ്രായിലിന്റെ തലസ്ഥാനമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന താണ്ഡവനാടകങ്ങൾ. എന്നാൽ ഇസ്രായിൽ  അക്രമങ്ങൾ തുടരുന്നതിനിടയിലും ആയിരങ്ങൾ മസ്ജിദുൽ അഖ്‌സയിൽ ഈദുൽ ഫിത്വ്ർ നമസ്‌കാരം നിർവഹിക്കുകയുണ്ടായി.

സൗദിയുടെ മാതൃക 
ലോകമുസ്‌ലിംകളുടെ കേന്ദ്രമായ മക്കയിലും പ്രവാചക നഗരിയായ മദീനയിലും പൂർണ്ണമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഈദ് നമസ്‌കാരങ്ങൾ നടന്നത്. മഹാമാരിയുടെ കാലത്ത് വിശ്വാസികൾ എപ്രകാരമായിരിക്കണമെന്ന് മക്കയും മദീനയും നമ്മെ ബോധ്യപ്പെടുത്തി. ഒരു വർഷത്തിലധികമായി സൗദി അറേബ്യയിൽ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ശക്തമായ ബോധവൽക്കരണവും നിയന്ത്രണങ്ങളും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വളരെ കുറച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പള്ളികളിൽ ശാരീരിക അകലവും മറ്റു നിയന്ത്രണങ്ങളും തുടരുകയാണ്. ഇത് ലോക മുസ്‌ലിംകൾക്ക് മാതൃകയാണ്. കേരളത്തിൽ കോവിഡ് രോഗികളുടെയും മരണത്തിന്റെയും എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ പള്ളികളിലും മുസ്‌ലിം സാമൂഹിക പരിസരങ്ങളിലും എപ്രകാരം നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന കാര്യത്തിൽ കേരളത്തിലെ മുസ്‌ലിം നേതൃത്വം സൗദിയിൽ നിന്നും ധാരാളം പഠിക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞിട്ടും നിശ്ചിത കാലത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നതുകൊണ്ടാണ് പെരുന്നാൾ ഈദുഗാഹുകളിലും പള്ളികളിലും ആഘോഷിക്കാൻ സൗദി അറേബ്യക്ക് സാധിച്ചത്.  ഇക്കാര്യത്തിൽ സൗദി ഭരണാധികാരികൾ മാത്രമല്ല പണ്ഡിതന്മാരും ജനങ്ങളും വൈകാരികത വെടിഞ്ഞ് ഉണർന്നു പ്രവർത്തിച്ചു.

കേരളവും പെരുന്നാളും 
വീടുകളിൽ വെച്ചുതന്നെ പ്രാർത്ഥനാ നിർഭരമായ മനസ്സുകളോടെ തക്ബീർ വചനങ്ങൾ ഉച്ചരിച്ചുകൊണ്ടും പെരുന്നാൾ നമസ്‌കാരം നിർവഹിച്ചും കേരളത്തിൽ വിശ്വാസികൾ ഈദുൽ ഫിത്വ്‌റിനെ ധന്യമാക്കി. കുടുംബ സന്ദർശനങ്ങൾ സാധിച്ചില്ലെങ്കിലും സർവശക്തൻ കനിഞ്ഞു നൽകിയ  ആധുനിക സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി വിദൂര ദേശങ്ങളിലുള്ള കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും സ്മാർട്ട് ഫോണുകളിലെയും കംപ്യൂട്ടറുകളുടെയും സ്‌ക്രീനിലേക്ക് കൊണ്ടുവന്ന് പെരുന്നാൾ ദിവസത്തെ സുപ്രധാന കർമ്മമായ ബന്ധം പുതുക്കൽ (സ്വിലത്തു റഹ്മ്) അവർ അത്യാഹഌദപൂർവം നിർവഹിച്ചു. പെരുന്നാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സകാത്തുൽ ഫിത്വ്ർ സാധിക്കുന്ന വിധത്തിൽ നിർവഹിച്ചു. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അതിന്റെ പരിധിയിൽ നിന്നുകൊണ്ടുതന്നെ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ഫിത്വ്ർ സകാത്ത് അർഹരിലേക്ക് എത്തിച്ചുകൊടുത്തു. നോമ്പിൽ സംഭവിച്ച ന്യൂനതകൾ പരിഹരിക്കുന്നതോടൊപ്പം പെരുന്നാൾ ദിവസം ഒരു വ്യക്തിപോലും പട്ടിണി കിടക്കരുതെന്ന് ഉറപ്പുവരുത്തുകയാണ് ഫിത്വ്ർ സകാത്തിന്റെ ലക്ഷ്യം.
പുതുവസ്ത്രങ്ങളാണ് ഈദിന്റെ സൗരഭ്യം പരത്തുന്ന പുതുമ. പെട്ടെന്നുവന്ന ലോക്ഡൗൺ പല കുടുംബങ്ങളുടെയും താളം തെറ്റിച്ചു. പെരുന്നാൾ പുതുവസ്ത്രം മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് കൗതുകം. ചിലർ നേരത്തെ വാങ്ങിവെച്ചതുകൊണ്ട് പെരുന്നാൾ ദിവസം അത് അണിയാൻ സാധിച്ചു. എന്നാൽ പലർക്കും അത് ലഭിച്ചില്ല. പെരുന്നാളിന് പുതുവസ്ത്രം ലഭിക്കാത്ത എത്രയോ സാധുജനങ്ങൾ ലോകത്തുണ്ട്. അവർ അനുഭവിക്കുന്ന മനോവേദനയും അവരുടെ സങ്കടങ്ങളും അല്പമെങ്കിലും മനസ്സിലാക്കാൻ ലോക്ഡൗൺ പലരെയും സഹായിച്ചു. പുതുവസ്ത്രം ലഭിച്ചില്ലെങ്കിൽ ഉള്ളതിൽ ഏറ്റവും പുതിയതും വൃത്തിയുള്ളതും ഉപയോഗിക്കുക എന്നതാണ് പ്രവാചകൻ പഠിപ്പിച്ച മതത്തിലുള്ളതെന്ന് പഠിക്കുവാനും ഇത്തവണത്തെ ഈദ് ഉപകരിച്ചു.  പെരുന്നാൾ ദിവസം വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്നതിലുള്ള ധൂർത്ത് പലരെയും പിടികൂടാറുണ്ട്. ഏതുകാര്യങ്ങളിലും മിതത്വമാണ് വേണ്ടതെന്ന് പഠിപ്പിച്ചിട്ടുള്ള ഇസ്‌ലാം, പെരുന്നാൾ ദിവസമായാലും വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്നതിലും മിതത്വമാണ് വേണ്ടതെന്ന് പഠിപ്പിക്കുന്നു. ലോക്ഡൗൺ കാലത്തെ ഈ പെരുന്നാൾ ഇതും വിശ്വാസികളെ പഠിപ്പിച്ചു. ധൂർത്തന്മാർ പിശാചിന്റെ കൂട്ടാളികളാണെന്നാണ് ഖുർആൻ പറയുന്നത്. 
പെരുന്നാൾ ഭക്ഷണദിവസമാണ്. സാധാരണ ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി വിശേഷ ഭക്ഷണങ്ങൾ ഒരുക്കുക പെരുന്നാളിന്റെ സവിശേഷതയാണ്. പക്ഷെ, കുറെ കാലമായി നമ്മുടെ നാടുകളിൽ ഭക്ഷണ സംസ്‌കാരം പൊങ്ങച്ചത്തിനും ധൂർത്തിനും വഴിമാറിയിരിക്കുന്നു. വിഭവങ്ങളുടെ എണ്ണങ്ങൾ വർധിപ്പിച്ച് മാലോകരെ മുഴുവൻ അറിയിക്കുന്നതിന് വേണ്ടി അതെല്ലാം ക്യാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിലാണ് പലർക്കും താല്പര്യം. ലോക്ഡൗൺ സമ്മാനിച്ച ഇത്തവണത്തെ പെരുന്നാളിൽ അതിനെല്ലാം നിയന്ത്രണങ്ങൾ വന്നിരിക്കുന്നു. മാർക്കറ്റുകളിലേക്ക് പോകുവാൻ സാധിക്കാതെ സമീപങ്ങളിൽ നിന്നും ലഭിച്ച മിതമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് ഒരു മേശക്ക് വിളമ്പാൻ പാകത്തിലുള്ള പെരുന്നാൾ ഭക്ഷണമൊരുക്കാൻ റമദാൻ വ്രതമെടുത്ത് പുണ്യം നേടിയ വിശ്വാസികൾക്ക് സാധിച്ചിരിക്കുന്നു. 

കോവിഡ് കാലത്തെ വിശ്വാസി 
'നിങ്ങൾ വെറുക്കുന്ന കാര്യം നിങ്ങൾക്ക് ഗുണകരമായേക്കാം, നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യം നിങ്ങൾക്ക് ദോഷകരമായേക്കാം’ (2:216) എന്ന ഖുർആൻ വചനം ഈ പെരുന്നാൾ അവസരത്തിൽ വിശ്വാസികൾ ഓർത്തുവയ്‌ക്കേണ്ടതാണ്.  പ്രതിസന്ധി ഘട്ടങ്ങളിൽ സാധ്യമാകുന്ന വിധത്തിലാണ് ആരാധനകൾ നിർവഹിക്കേണ്ടത്. 
ആരാധനകൾ ഒരിക്കലും ആവേശമല്ല. 'നിങ്ങൾ നാശത്തിലേക്ക് എടുത്തുചാടരുത്’ എന്ന് ഖുർആൻ ഉദ്‌ബോധിപ്പിക്കുമ്പോൾ ലോക മുസ്‌ലിം പണ്ഡിതന്മാർ തൽവിഷയകമായി നൽകുന്ന ഉപദേശങ്ങളെ ഗൗരവപൂർവം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ് വേണ്ടത്. 
ശാരീരിക അകലം സൂക്ഷിച്ചുകൊണ്ട് തന്നെ മാനസിക അടുപ്പം നേടിയെടുക്കാൻ കഴിയും. ആശ്ലേഷണങ്ങൾക്കും ഹസ്തദാനങ്ങൾക്കും പകരം കൈ കൊണ്ടുള്ള അഭിവാദ്യം മതിയാകും. ഹജറുൽ അസ്‌വദിനെ തൊടുവാനോ ചുംബിക്കുവാനോ സാധിക്കാത്തവർ അഭിവാദ്യം ചെയ്യുന്നതുപോലെ വിശ്വാസികൾക്ക് പരസ്പരം അഭിവാദ്യം ചെയ്യാം. നമസ്‌കാരത്തിന് തോളോട് തോൾ ചേർന്ന് നിൽക്കണമെന്ന് പറയുന്നതിന്റെ താല്പര്യം വിശ്വാസികൾക്കിടയിലുണ്ടാവേണ്ട മാനസിക ഐക്യമാണ്. 
നമസ്‌കാരത്തിൽ അകലം പാലിച്ചുകൊണ്ടുതന്നെ ‘മനസ്സിന്റെ തോളുകൾക്ക്' പരസ്പരം ചേർന്നു നിൽക്കാൻ സാധിക്കും. മഹാമാരിയുടെ കാലത്ത് ജനങ്ങൾ അങ്ങാടികളിലും കല്യാണങ്ങളിലും രാഷ്ട്രീയ പരിപാടികളിലും കൂട്ടം കൂടി നിൽക്കുന്നുണ്ടെങ്കിൽ അത് വിശ്വാസികൾക്ക് മാതൃകയല്ല. 
അങ്ങാടികളിലെ സംസ്‌കാരം പള്ളികളിലേക്കും വിശ്വാസിയുടെ ഭവനത്തിലേക്കും കടന്നു വരുന്നതിന് പകരം വിശ്വാസിയുടെ സംസ്‌കാരം അങ്ങാടികളിലേക്ക് പ്രസരിക്കുകയാണ് വേണ്ടത്. 
മഹാമാരിയുടെ കാലത്തും റമദാനിന്റെയും ഈദുൽ ഫിത്വ്‌റിന്റെയും പാഠങ്ങൾ ഉൾക്കൊണ്ട് പെരുന്നാൾ ആഘോഷിക്കുവാൻ വിശ്വാസികൾക്ക് സാധിച്ചുവെങ്കിൽ അവർ ധന്യരായി. അല്ലാഹു അക്ബർ... വലില്ലാഹിൽ ഹംദ്. 

Latest News