യുപിയില്‍ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ പട്ടികള്‍ കടിച്ചു പറിച്ചു; അധികൃതർ ദഹിപ്പിച്ചു

ബല്ലിയ- യുപിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ഗംഗാ നദിയിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങളും വര്‍ധിക്കുന്നു. ബല്ലിയയില്‍ നദിക്കരയില്‍ അടിഞ്ഞ രണ്ട് മൃതദേഹങ്ങള്‍ തെരുവു പട്ടികള്‍ കടിച്ചു പറിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പുറത്തെടുത്ത് ദഹിപ്പിച്ചു. സാഗര്‍പാളിയില്‍ പട്ടികള്‍ മൃതദേഹങ്ങളെ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് ജില്ലാ ഭരണകൂടം നടപടിയെടുത്തത്. വ്യാഴാഴ്ച വൈകീട്ടാണ് മൃതദേഹങ്ങളെ പട്ടികള്‍ കടിക്കുന്നതായി വിവരം ലഭിച്ചതെന്നും തുടര്‍ന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് രാജേഷ് യാദവ്  സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ദഹിപ്പിച്ചുവെന്നും മുതിര്‍ന്ന പൊലീസ് ഓഫീസറായ സജ്ഞയ് ത്രിപാഠി പറഞ്ഞു.

ജില്ലയില്‍ ഉജിയാര്‍, കുല്‍ഹാദിയ, ഭരോളി, നരാഹി എന്നീ പ്രദേശങ്ങളില്‍ മാത്രമായി 52 മൃതദേഹങ്ങളാണ് നദിയിലൂടെ ഒഴുകിയെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. മരണാനന്തര കര്‍മങ്ങള്‍ക്കു ശേഷം ബന്ധുക്കള്‍ തന്നെ നദിയിലൊഴുക്കിയ മൃതദേഹങ്ങളാണിവയെന്ന് പോലീസ് പറയുന്നു. നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ കൃത്യമായ കണക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

 

Latest News