Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ പണമയക്കൽ: സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്- ലോക ബാങ്ക്

റിയാദ് - ലോകത്ത് പ്രവാസി തൊഴിലാളികൾ ഏറ്റവുമധികം പണമയക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ മൂന്നാം സ്ഥാനത്താണെന്ന് ലോക ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ലോക രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികൾ 540 ബില്യൺ ഡോളറാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. വരുമാനം കുറഞ്ഞ രാജ്യങ്ങൾക്കും ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിച്ചു. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പ്രവാസി തൊഴിലാളികളുടെ റെമിറ്റൻസിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം പ്രവാസികൾ അയച്ച പണത്തിൽ 800 കോടി ഡോളറിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം പ്രവാസികൾ പണമയക്കുന്നത് അമേരിക്കയിലെ പ്രവാസികളാണ്. അമേരിക്കയിലെ പ്രവാസികൾ കഴിഞ്ഞ കൊല്ലം 68 ബില്യൺ ഡോളർ സ്വദേശങ്ങളിലേക്ക് അയച്ചു. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയിലെ പ്രവാസികൾ 43.2 ബില്യൺ ഡോളറും മൂന്നാം സ്ഥാനത്തുള്ള സൗദി അറേബ്യയിലെ പ്രവാസികൾ 34.2 ബില്യൺ ഡോളറും നാലാം സ്ഥാനത്തുള്ള സ്വിറ്റ്‌സർലാന്റിലെ പ്രവാസികൾ 28 ബില്യൺ ഡോളറും അഞ്ചാം സ്ഥാനത്തുള്ള ജർമനിയിലെ പ്രവാസികൾ 22 ബില്യൺ ഡോളറുമാണ് കഴിഞ്ഞ വർഷം സ്വദേശങ്ങളിലേക്ക് അയച്ചത്. 
പ്രവാസി തൊഴിലാളികൾ അയച്ച പണം ഏറ്റവും കൂടുതൽ ലഭിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യൻ പ്രവാസികൾ കഴിഞ്ഞ വർഷം ലോക രാജ്യങ്ങളിൽ നിന്ന് 83.1 ബില്യൺ ഡോളർ സ്വദേശത്തേക്ക് അയച്ചു. രണ്ടാം സ്ഥാനത്ത് ചൈനക്കാരായ പ്രവാസികളാണ്. ഇവർ കഴിഞ്ഞ വർഷം 59.5 ബില്യൺ ഡോളറാണ് സ്വന്തം നാട്ടിലേക്ക് അയച്ചത്. ലോക രാജ്യങ്ങളിലെ പ്രവാസികളായ മെക്‌സിക്കൊക്കാരാണ് മൂന്നാം സ്ഥാനത്ത്. ഇവർ കഴിഞ്ഞ വർഷം 42.9 ബില്യൺ ഡോളർ സ്വദേശത്തേക്ക് അയച്ചു. ഫിലിപ്പിനോ പ്രവാസികൾ 34.9 ബില്യൺ ഡോളറും അഞ്ചാം സ്ഥാനത്തുള്ള ഈജിപ്ഷ്യൻ പ്രവാസികൾ 29.6 ബില്യൺ ഡോളറും ആറാം സ്ഥാനത്തുള്ള പാക്കിസ്ഥാനി പ്രവാസികൾ 26.1 ബില്യൺ ഡോളറും കഴിഞ്ഞ കൊല്ലം സ്വദേശങ്ങളിലേക്ക് അയച്ചു.
 

Latest News