Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അമേരിക്ക മാസ്ക് അഴിക്കുമ്പോൾ ലോകത്തിന് പ്രതീക്ഷിക്കാൻ ഏറെ

വാഷിങ്ടൺ- കോവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ നാഴികക്കല്ല് പിന്നിട്ട് അമേരിക്ക മാസ്‌ക് അഴിക്കുമ്പോൾ ലോകത്തിന് പ്രതീക്ഷകളേറെ. ഒരു കൊല്ലത്തിലേറെയായി ലോകം മുഴുവൻ അനുഭവിക്കുന്ന ദുരിതത്തിന് ഉടൻ അറുതിയാകുമെന്ന വിശ്വാസത്തിന്റെ ചെറു സൂചനയാണ് ഇന്ന് അമേരിക്കയിൽനിന്ന് പുറത്തുവന്നത്. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സാമൂഹ്യ അകലം അടക്കമുള്ള കാര്യങ്ങൾ ഇവർ അനുവർത്തിക്കേണ്ടതില്ലെന്നുമാണ് അമേരിക്ക വ്യക്തമാക്കിയത്. ഇതോടെ കോവിഡിന് എതിരായ പോരാട്ടത്തിൽ വാക്‌സിൻ വൻ മുന്നേറ്റം കൈവരിച്ചുവെന്ന ആത്മവിശ്വാസം കൂടി ലോകത്തിന് ലഭ്യമായി. അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതും വാക്‌സിനേഷൻ നടപടികൾ വേഗത്തിലായതുമാണ് നിർണായക തീരുമാനം എടുക്കാൻ ഭരണാധികാരി ജോ ബൈഡനെ പ്രേരിപ്പിച്ചത്. ഏറെ ആഹ്ലാദത്തോടെയാണ് ബൈഡന്റെ പ്രഖ്യാപനം ലോകം ഏറ്റെടുത്തത്. പ്രഖ്യാപനം നടത്തിയ ബൈഡനും തന്റെ സന്തോഷം മറച്ചുവെച്ചില്ല. 

'വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാക്കിയവർ ഇനി മാസ്‌ക് ധരിക്കേണ്ടതില്ല എന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സി.ഡി.സി) ഏതാനം മണിക്കൂറുകൾക്ക് മുൻപ് അറിയിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വീടിനുള്ളിലാണെങ്കിലും ഇത് ബാധകമാണ്. ഒരു വർഷത്തെ കഷ്ടതകൾക്കും ത്യാഗങ്ങൾക്കും അവസാനമായിരിക്കുന്നു, അമേരിക്കയ്ക്ക് ഇത് നിർണായക മുഹൂർത്തമാണ്. ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

വാക്‌സിൻ സ്വീകരിച്ചവർക്ക് കോവിഡ് മഹാമാരിയ്ക്ക് മുൻപ് ചെയ്തിരുന്ന കാര്യങ്ങളിലേക്കെല്ലാം മടങ്ങാമെന്ന് നിർദേശവുമുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കാം. ശാരീരിക അകലമോ മാസ്‌കോ ഇതിനായി ധരിക്കേണ്ടതില്ല. രാജ്യത്തെ 37 സംസ്ഥാനങ്ങളിൽ കോവിഡ് വ്യപനത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 
ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വഴി ജീവഹാനി സംഭവിച്ച രാജ്യമാണ് അമേരിക്ക. 5.8 ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്. നേരത്തെ രണ്ടര ലക്ഷത്തിന് മുകളിൽ ആയിരുന്ന പ്രതിദിന കേസുകൾ ഇപ്പോൾ നാൽപതിനായിരമാണ്. കഴിഞ്ഞ ജനുവരി എട്ടിന് പ്രതിദിന കേസ് മൂന്നു ലക്ഷം കടന്നിരുന്നു. കഴിഞ്ഞ ബുധനാഴ്ച 35,538 പേർക്കാണ് കോവിഡ് ബാധിച്ചത്. 
വാക്‌സിനേഷനുമായി മുന്നോട്ടു പോകുന്ന രാജ്യങ്ങൾക്കെല്ലാം അമേരിക്കയുടെ പ്രഖ്യാപനം ഏറെ ആശ്വാസകരമാണ്. നിരവധി രാജ്യങ്ങൾ രണ്ടാം ഡോസ് വാക്‌സിനേഷനും അവസാന ഘട്ടത്തിലാണ്. വാക്‌സിനേഷൻ പൂർത്തിയാകുന്നതോടെ ഈ രാജ്യങ്ങളും മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യും.
 

Latest News