ഗോവയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയില്‍ 74 മരണം, സ്റ്റോര്‍ റൂമിലും നടവഴിയിലും രോഗികള്‍

പനജി- ഗോവയിലെ ഏറ്റവും വലിയ കോവിഡ് ചികിത്സാ കേന്ദ്രമായ ഗോവ മെഡിക്കല്‍ കോളെജ് ഹോസ്പിറ്റലില്‍ നാലു ദിവസത്തിനിടെ 74 രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ഇവരില്‍ 13 പേരുടെ മരണം വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ആറു മണിക്കുമിടെയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 15 പേരാണ് മരിച്ചത്. ബുധനാഴ്ച 20ഉം ചൊവ്വാഴ്ച 26 രോഗികളുമാണ് മരിച്ചത്. ഏറെ മരണവും സംഭവിച്ചത് പുലര്‍ച്ചെയാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച മെഡിക്കല്‍ കോളെജ് ആയ ഇവിടെ കോവിഡ് രോഗികളെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിനും ഏറെ പ്രയാസം നേരിടുന്നു. അവസാനമായി പ്രവേശിപ്പിച്ച രോഗികളെ സ്റ്റോര്‍ റൂമിലും നടവഴികളിലും കിടത്തിയ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 

കോവിഡ് വാര്‍ഡുകളിലേക്ക് ആശുപത്രി സ്റ്റാഫോ ഡോക്ടര്‍മാരോ തിരിഞ്ഞു നോക്കുന്നില്ലെന്നും രോഗികള്‍ക്കൊപ്പമുള്ള ബന്ധുക്കള്‍ ആരോപിക്കുന്നു. വേണ്ടത്ര മരുന്നുകളും ഓക്‌സിജനും ലഭിക്കുന്നില്ലെന്നും ഇവ പുറത്ത് നിന്ന് വലിയ നല്‍കി വാങ്ങേണ്ടി വരുന്നുവെന്നും രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. തീവ്രപരിചരണം ആവശ്യമായവര്‍ക്ക് മതിയായ വെന്റിലേറ്റര്‍ സൗകര്യമോ രോഗികള്‍ക്ക് ആവശ്യമായ വീല്‍ ചെയറുകള്‍ക്കും എട്ടും പത്തു മണിക്കൂര്‍ വരെ രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നതായും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സംസ്ഥാനത്ത് വേണ്ടത്ര ഓക്‌സിജന്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറയുന്നു. ഈ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം ഓക്‌സിജന്‍ വിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടാകാമെന്നും പറഞ്ഞിരുന്നു. ഹൈക്കോടതി അന്വേഷണിക്കണമെന്നും മുഖ്യമനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സമര്‍പ്പിക്കപ്പെട്ട നിരവധി ഹര്‍ജികള്‍ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് പരിഗണിച്ചു വരികയാണ്. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്കു മുമ്പായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിവിവര റിപോര്‍ട്ട്  സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്ത് ഓക്‌സിജന് ക്ഷാമമില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് നേര്‍ വിപരീതമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ ഗോയല്‍ കേന്ദ്രത്തിനയച്ച കത്ത്. മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്നും സംസ്ഥാനത്തിന് അനുവദിച്ച 110 മെട്രിക് ടണ്‍ ഓക്‌സിജനില്‍ 66.74 മെട്രിക് ടണ്‍ മാത്രമാണ് മേയ് ഒന്നിനും 10നുമിടയില്‍ ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിനയച്ച കത്തില്‍ പറയുന്നു. ദിനംപ്രതി 22 മെട്രിക് ടണ്‍ ഓക്‌സിജന്‍ വേണമെന്ന് ബിജെപി സര്‍ക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Latest News