ദിസ്പുര്‍- പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധാന്‍കര്‍ അസമിലെത്തി ബംഗാളിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കുടിയേറിയവരുമായി കൂടിക്കാഴ്ച നടത്തി. മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്റര്‍ യാത്ര റദ്ദാക്കി, റോഡ് മാര്‍ഗം ആണ് സന്ദര്‍ശനം. ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസമിലേക്ക് രക്ഷപ്പെട്ടവര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തും. റാന്‍പാഗ്ലി, ശ്രീറാംപൂര്‍ എന്നിവിടങ്ങളിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുന്നത്. ബംഗാള്‍ -അസം അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള ക്യാമ്പുകള്‍ ഉണ്ട്. ഇവിടങ്ങളിലാണ് ബംഗാള്‍ ഗവര്‍ണര്‍ എത്തുന്നത്. കുടിയേറിയവരെ നേരിട്ട് കണ്ട ശേഷം വിശദമായ വാര്‍ത്താ സമ്മേളനം ഇതു സംബന്ധിച്ച് ഉണ്ടാകുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ കൂച്ച് ബീഹാറിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. പശ്ചിമബംഗാളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ സന്ദര്‍ശനത്തിനിടെ ഗവര്‍ണര്‍ക്കെതിരേയും തൃണമൂല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലൂടെയാണ് അദ്ദേഹം കൂച്ച് ബീഹാറിലെത്തിയത്. കൂച്ച് ബീഹാറില്‍ ആക്രമണം നടന്ന പ്രദേശം ഗവര്‍ണര്‍ സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അനുമതി ലഭിക്കാതെ ചട്ടങ്ങള്‍ ലംഘിച്ചാണ് ഗവര്‍ണര്‍ കൂച്ച് ബീഹാര്‍ സന്ദര്‍ശനം നടത്തിയതെന്ന് മമത ആരോപിച്ചു.