Sorry, you need to enable JavaScript to visit this website.

സ്പുട്‌നിക് വാക്‌സിന്‍ ഡോസിന് 995 രൂപ; ഉടന്‍ ലഭ്യമായേക്കും

ഹൈദരാബാദ്- റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക് V ഒരു ഡോസിന് 995.40 രൂപ വില വരുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്രി. ഇന്ത്യയില്‍ ഉല്‍പ്പാദനം ഇല്ലാത്ത ഈ വാക്‌സിന്‍ റെഡ്ഡീസ് ലാബ് ആണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ അടിയന്തര സാഹചര്യങ്ങളില്‍ ഈ വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രിലില്‍ അനുമതി ന്ല്‍കിയിരുന്നു. എന്നാല്‍ സ്പുട്‌നിക് V വിതരണം ആരംഭിച്ചിട്ടില്ല. ആദ്യ ഘട്ട പരീക്ഷണ വിതരണം വെള്ളിയാഴ്ച ഹൈദരാബാദില്‍ തുടങ്ങിയതായും റെഡ്ഡീസ് ലാബ് അറിയിച്ചു. ഒന്നര ലക്ഷം ഡോസുകളാണ് ഇറക്കുമതി ചെയ്തത്. ഇത് മേയ് ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള വിവിധ പരിശോധനകള്‍ നടന്നു വരികയായിരുന്നു ഇതുവരെ. 

ഇറക്കുമതി ചെയ്ത വാക്‌സിന്‍ ആയതിനാല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയുള്ള വാക്‌സിനാണ് ഇപ്പോള്‍ സ്പുട്‌നിക്. ഇന്ത്യയില്‍ ഇത് ഉല്‍പ്പാദിപ്പിക്കാന്‍ റെഡ്ഡീസ് ലാബ് വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണ്. ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കാനായാല്‍ വില വീണ്ടും കുറയുമെന്നും ഡോ. റെഡ്ഡീസ് ലാബ് അധികൃതര്‍ പറയുന്നു. ഇന്ത്യയില്‍ ആറ് വാക്‌സിന്‍ ഉല്‍പ്പാദന കമ്പനികളുമായാണ് ചര്‍ച്ച നടത്തിവരുന്നതെന്നും ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച കുറിപ്പില്‍ ഡോ. റെഡ്ഡീസ് ലാബ് വ്യക്തമാക്കി. 

വരും മാസങ്ങളില്‍ കൂടുതല്‍ ഡോസുകള്‍ ഇറക്കുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. റഷ്യയുടെ ഗമലേയ നാഷണല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജി ആണ് സ്പുട്‌നിക് V വാക്‌സിന്‍ വികസിപ്പച്ചത്. ഇത് 91.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കണ്ടെത്തിയിരുന്നു.
 

Latest News