കൊച്ചി- വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ മലയാള നടൻ പി.സി.ജോർജ് (74)അന്തരിച്ചു. വൃക്കരോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്‌ലഹേം പള്ളിയിൽ. കൊച്ചുമേരിയാണ് ഭാര്യ. കനകാംബലി, കാഞ്ചന, സാബൻ റിജോ എന്നിവർ മക്കളാണ്.
തൃശൂർ കൊരട്ടി സ്വദേശിയായ ജോർജ് പോലീസിൽ ജോലി ചെയ്യുന്നതിനിടിയിലാണ് സിനിമയിലെത്തുന്നത്. 'അംബ, അംബിക, അംബാലിക' ആയിരുന്നു ആദ്യചിത്രം.
ചാണക്യൻ, അഥർവ്വം, ഇന്നലെ, സംഘം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് ആയിരപ്പറ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 'സംഘം' സിനിമയിലെ പ്രായിക്കര അപ്പ ഏറെ ശ്രദ്ധ നേടി. 2006ൽ ജോസ് തോമസിന്റെ 'ചിരട്ടക്കളിപ്പാട്ടങ്ങളി'ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
സ്‌പെഷൽ ബ്രാഞ്ച് എസ്പി ആയാണ് പി.സി.ജോർജ് വിരമിച്ചത്.