Sorry, you need to enable JavaScript to visit this website.

ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിന്‍ അന്തരിച്ചു

ന്യൂദല്‍ഹി-ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിന്‍(84) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന്  ദല്‍ഹിയില്‍ ആയിരുന്നു മരണം. ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, കലാസ്വാദക, വനിതാവകാശ പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയ ആയിരുന്നു. ഫൈസാബാദില്‍ 1936 സെപ്റ്റംബര്‍ എട്ടിനാണ് ഇന്ദുവിന്റെ ജനനം. 1999ല്‍ ആണ് ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തുന്നത്.
ഫിക്കിയുടെ വനിതാ വിഭാഗമായ എഫ്.എല്‍.ഒയുടെ സ്ഥാപക പ്രസിഡന്റ്, ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2000ല്‍ സന്നദ്ധ സംഘടനയായ ടൈംസ് ഫൗണ്ടേഷന് ഇന്ദു രൂപം നല്‍കി. ചുഴലിക്കാറ്റ്, ഭൂകമ്പം, പ്രളയം തുടങ്ങിയ ദുരന്തസമയങ്ങളില്‍ സഹായധനം നല്‍കുന്ന ടൈംസ് റിലീഫ് ഫണ്ട് ഈ ഫൗണ്ടേഷനാണ് നല്‍കുന്നത്.സമഗ്രസംഭാവനകള്‍ പരിഗണിച്ച് 2016ല്‍ രാജ്യം ഇന്ദുവിന് പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. 2019ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനും ഇന്ദു അര്‍ഹയായിരുന്നു.
 

Latest News