നേപ്പാളിൽ കുടുങ്ങിയവർ ചാർട്ടേഡ് വിമാനത്തിൽ സൗദിയിലേക്ക്, ആശ്വാസ പ്രഖ്യാപനം

കാഠ്മണ്ഡു- സൗദിയിലേക്ക് പോകാൻ നേപ്പാളിൽ എത്തി കുടുങ്ങിയവരെ സൗദിയിൽ എത്തിക്കാൻ ചാർട്ടേഡ് വിമാന സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി. സൗദിയിലേക്ക് പോകാനായി നേപ്പാളിൽ എത്തിയവരെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ജിദ്ദയിലേക്കോ റിയാദിലേക്കോ എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നേപ്പാൾ സിവിൽ ഏവിയേഷൻ ട്വീറ്റ് ചെയ്തു.  ഇന്ത്യൻ എംബസിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. അതേസമയം, ചാർട്ടേഡ് വിമാനങ്ങൾക്ക് ആവശ്യമായ അനുമതി സൗദി ഗവൺമെന്റിൽനിന്ന് ലഭ്യമാകണം. സൗദിയുടെ അനുമതി ലഭിച്ചാൽ നേപ്പാളിൽ കുടുങ്ങികിടക്കുന്നവരെ പ്രത്യേക വിമാനങ്ങളിൽ റിയാദ്, ജിദ്ദ എന്നിവടങ്ങളിൽ എത്തിക്കാനാണ് പദ്ധതി.  നേപ്പാൾ എയർ ലൈൻസ്, ഹിമാലയ എയർലൈൻസ് എന്നീ വിമാനങ്ങളിലായിരിക്കും ചാർട്ടേഡ് സർവീസുകൾ നടത്തുക. സർവീസുകളെ കുറിച്ച് വിമാന കമ്പനികൾ ഉടൻ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. 

കോവിഡ് വ്യാപനം കൂടിയതോടെ രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് ഈ മാസം 31 വരെ നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി നീട്ടിയിരുന്നു. നേരത്തെ വിലക്ക് മെയ് 14 വരെയായിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്. ഇതോടെ നേപ്പാളിൽ എത്തിയവർ പ്രതിസന്ധിയിലായി. നേപ്പാളിൽ കഴിയുന്നത് അനിശ്ചിതമായി നീണ്ടതോടെ ചിലർ കരമാർഗം ഇന്ത്യയിലേക്ക് തിരിച്ചു. ഇങ്ങിനെ നിരവധി പേർ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 

Latest News