Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫലസ്തീനികളുടെ മരണം 100 കവിഞ്ഞു; കരയുദ്ധത്തില്‍ ആശയക്കുഴപ്പം

ഇസ്രായില്‍ മിസൈല്‍ ആക്രമണത്തെ തുടർന്ന് ഗാസയിലെ ബൈത്ത് ലാഹിയയില്‍നിന്ന് തീഗോളമുയരുന്നു.

ജറൂസലം- റോക്കറ്റ് ആക്രമണം ആരോപിച്ച് ഇസ്രായില്‍ സൈന്യം വെള്ളിയാഴ്ച രാവിലെയും ഗാസയില്‍ വ്യോമാക്രമണം തുടര്‍ന്നു. ഇതിനകം നൂറിലേറെ ഫലസ്തീനികളുടെ ജീവനെടുത്ത ആക്രമണത്തില്‍ കരയുദ്ധത്തില്‍നിന്ന് ഇസ്രായില്‍ തല്‍ക്കാലം പിന്‍വാങ്ങിയിട്ടുണ്ട്.
ഗാസ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈനിക സന്നാഹം നടത്തിയ ഇസ്രായില്‍  കരയിലും ആക്രമണം നടത്തുകയാണെന്ന് വ്യക്തമാക്കിയെങ്കിലും കരയുദ്ധം ആരംഭിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി.
ഇസ്രായിലിനകത്ത് ജൂതന്മാരും അറബികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കിടെ,   ലെബനോനില്‍നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം നടന്നു.
സംഘര്‍ഷത്തിന് പരിഹാരം കാണുന്നതിന് ഞായറാഴ്ച രക്ഷാ സമിതി യോഗം ചേരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇസ്രായില്‍ തെരുവുകളില്‍ നടക്കുന്ന  അക്രമങ്ങളില്‍ അതിയായ ആശങ്കയുണ്ടെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍   പറഞ്ഞു.
സ്വാതന്ത്ര്യം, സുരക്ഷ, അന്തസ്സ്, സമൃദ്ധി എന്നിവയില്‍ ഇസ്രായിലികള്‍ക്കും ഫലസ്തീനികള്‍ക്കും തുല്യഅര്‍ഹതയുണ്ടെന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്ന്  ബ്ലിങ്കന്‍ പറഞ്ഞു.
ഗാസ മുനമ്പിലേക്ക് കടന്നിട്ടില്ലെന്ന് ഇസ്രായില്‍ സൈന്യം വ്യക്തമാക്കി. സൈനികര്‍ ഗാസയില്‍ പ്രവേശിച്ചതായി നേരത്തെ ഇസ്രായില്‍ തന്നെയാണ് അറിയിച്ചിരുന്നത്. ആഭ്യന്തര ആശയവിനിമയത്തിലെ പ്രശ്‌നങ്ങളാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് സൈന്യം വെള്ളിയാഴ്ച രാവിലെ വിശദീകരിച്ചു.
അതേസമയം, അതിര്‍ത്തിയില്‍ വ്യാഴാഴ്ച രാത്രി വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ച സൈനികര്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഗാസയില്‍നിന്ന് തീജ്വാലകള്‍ ആകാശത്തേക്ക് ഉയര്‍ന്നിരുന്നു.
തെക്കന്‍ ഇസ്രായിലില്‍ തീരദേശ നഗരങ്ങളായ അഷ്‌ദോഡിലേക്കും അഷ്‌കെലോണിലേക്കും തെല്‍ അവീവിലെ ബെന്‍ഗൂരിയന്‍ വിമാനത്താവളത്തിന് സമീപത്തേക്കും ഗാസയില്‍നിന്ന്  ഡസന്‍ കണക്കിന് റോക്കറ്റുകള്‍ തൊടുത്തു.
കരയുദ്ധം ഒരു വഴി മാത്രമാണെന്നും എല്ലാ മാര്‍ഗങ്ങള്‍ക്കും ഇസ്രായില്‍ സൈന്യം സജ്ജമാണെന്നും ഒരുക്കങ്ങള്‍ തുടരുകയാണെന്നും  
ആര്‍മി വക്താവ് ജോണ്‍ കോണ്‍റിക്കസ് പറഞ്ഞു. കരയുദ്ധം ആരംഭിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗാസയിലെ വടക്കുകിഴക്കന്‍ ഭാഗത്ത് ജനങ്ങള്‍ തങ്ങളുടെ വീടുകളില്‍നിന്ന് ഒഴിഞ്ഞു പോകുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News