Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

ഇന്ത്യ അനുഭവിക്കുന്നത് വീഴ്ചയുടെ ഫലം 


കോവിഡ് മഹാമാരി കരിനിഴൽ വീഴ്ത്തിയ മറ്റൊരു ആഘോഷ ദിനമാണിന്ന്. കുറച്ചു കാലമായി  നമ്മുടെ ശീലവും ഇതാണ്. ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം കടന്നു പോകുന്നു. വീടകങ്ങളിൽ ഒതുങ്ങിക്കഴിയുന്ന കുട്ടികൾക്ക് പോലും ആഘോഷങ്ങളുടെ മധുരം നുകരാനാവുന്നില്ല. 2019 ഡിസംബറിൽ തുടങ്ങിയ കോവിഡ്-19നെ പ്രതിരോധിക്കാൻ ലോക രാഷ്ട്രങ്ങൾ വാക്‌സിനേഷൻ ആരംഭിച്ചു, നിലവിൽ ഉപയോഗിച്ചു തുടങ്ങിയതിന് പുറമേ ധാരാളം വാക്‌സിനുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണ ഘട്ടത്തിലുമാണ്. 


2021 ജനുവരിയിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ വാക്‌സിനേഷൻ പദ്ധതി ഒട്ടും പ്രായോഗികമല്ലാത്തതും അശാസ്ത്രീയവുമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വിതരണ, കയറ്റുമതി, ഇറക്കുമതി സംബന്ധിച്ച കാര്യങ്ങളിൽ അവ്യക്തത നിറഞ്ഞതായിരുന്നു ഇത്. ഇതിന്റെ ദുരന്തഫലമാണ് രാജ്യം ഇപ്പോൾ അനുഭവിക്കുന്നത്. ഏപ്രിലിൽ ഇന്ത്യയിലെ പ്രതിദിന വാക്‌സിൻ ഉൽപാദന ശേഷി 25 ലക്ഷം ഡോസാണ്. മെയ് മാസത്തിൽ ഇത് 38 ലക്ഷം ഡോസായി ഉയരുമെന്നും കണക്കാക്കി. ഇന്ത്യയിലുള്ള 18 വയസ്സിന് മുകളിൽ പ്രായക്കാരായ എല്ലാവർക്കും 2022 ജനുവരിയ്ക്കകം വാക്‌സിൻ നൽകണമെങ്കിൽ നിത്യേന 69 ലക്ഷം ഡോസ് വാക്‌സിൻ ഉൽപാദിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയിൽ 136 കോടി ജനങ്ങളുണ്ട്. അവരിൽ ഇതു വരെ കോവിഡ് വാക്‌സിൻ നൽകാൻ സാധിച്ചത് 17 കോടി പേർക്ക് മത്രമാണ്. നാല് മാസമായി നമ്മൾ വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചിട്ട്. ജനസംഖ്യയിൽ 70 ശതമാനത്തിന് വാക്‌സിൻ നൽകാൻ ഏറ്റവും കുറഞ്ഞത് മൂന്നര കൊല്ലം കാത്തിരിക്കണമെന്നതാണ് വസ്തുത. 189 കോടി ഡോസ് വാക്‌സിൻ ഇതാനാവശ്യമായി വരും. അതിന് പ്രതിവർഷം 54 കോടി വാക്‌സിൻ ഉൽപാദിപ്പിക്കേണ്ടതായി വരും. 


കോവിഡ് പെട്ടെന്ന് പുര പൊളിച്ച് ഇറങ്ങി വന്നതൊന്നുമല്ല. ഇന്ത്യയിലെ ഒന്നാം വരവ് ഏതാണ്ട് കെട്ടടങ്ങിയപ്പോൾ നമുക്ക് ആഘോഷ മൂഡായിരുന്നു. ഇതാ ലോക രാജ്യങ്ങളേ, ഇന്ത്യയെ കണ്ടു പഠിക്കൂ, നമ്മൾ കൊറോണയെ പിടിച്ചുകെട്ടിയിരിക്കുന്നു. ഇനി ആർക്കൊക്കെ വാക്‌സിൻ, ഓക്‌സിജൻ എന്നിവ ആവശ്യമുണ്ടെങ്കിൽ കടന്നു വരൂ എന്ന് വിളിച്ചു കൂവിയവരാണ്. പ്രധാനമന്ത്രിയുടെ നേതൃശേഷിയെ പാർലമെന്റിൽ ആരോഗ്യ മന്ത്രിയും വിദേശ കാര്യമന്ത്രിയും മത്സരിച്ച് പുകഴ്ത്തുകയായിരുന്നു. കോവിഡിന്റെ രണ്ടാം വരവിനെ ഇത്രയേറെ വഷളാക്കുന്നതിൽ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പും ലക്ഷങ്ങൾ അണിനിരന്ന പ്രയാഗ് രാജിലെ കുംഭമേളയും നിർണായക പങ്ക് വഹിച്ചു. 
പ്രധാനമന്ത്രി ഏപ്രിലിൽ പശ്ചിമ ബംഗാളിലെ കൂറ്റൻ റാലികളിൽ സംബന്ധിച്ച് ആവേശം പകർന്നത് മറക്കാറായിട്ടില്ല. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകൾ ശരാശരി നാല് ലക്ഷത്തിലെത്തി നിൽക്കുന്നു. ഇത് ഓഗസ്‌റ്റോടെ പത്ത് ലക്ഷം വരെയായി ഉയരുമെന്ന അന്താരാഷ്ട്ര വിദഗ്ധരുടെ വിലയിരുത്തൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. കൊറോണ എത്ര വരവ് വരുമെന്ന കാര്യത്തിൽ ആർക്കും ഒരു ഉറപ്പുമില്ല. ഇതിന്റെ ഇന്ത്യൻ വകഭേദം ഇതിനകം നാൽപതിലേറെ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


ബ്രിട്ടൻ രോഗവിമുക്തി പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കകം ആളുകൾക്ക് കൂട്ടം കൂടാനും ഇടപഴകാനും അവസരം നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷത്തിനും വാക്‌സിനും കർശന ലോക് ഡൗൺ ഏർപ്പെടുത്തിയുമാണ് യു.കെ പ്രതിസന്ധിയെ അതിജീവിച്ചത്. 
ഇന്ത്യയിലെ ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ വാക്‌സിൻ കിട്ടാതെ നട്ടം തിരിയുമ്പോൾ കോവിഷീൽഡിന്റെ 50 ലക്ഷത്തോളം ഡോസുകൾ യുകെയിലേക്ക് കയറ്റി അയയ്ക്കാൻ പൂനെയിലെ  സിറം ഇൻസ്റ്റിറ്റിയൂട്ടിന് അനുവാദം നൽകിയിരുന്നു. 
കേന്ദ്രം വാക്‌സിൻ കയറ്റുമതിക്ക് യഥേഷ്ടം അനുമതി കൊടുത്തതാണ് ഇന്ത്യയിലെ വാക്‌സിൻ ക്ഷാമത്തിന് കാരണമായത്.


പൂനെയിൽ പൂർണശേഷിയിലാണ് കോവിഷീൽഡിന്റെ ഉത്പാദനം നടക്കുന്നതെന്ന് സിറം ഇൻസ്റ്റിറ്റിയൂട്ട് സിഇഒ അദാർ പൂനെവാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങൾക്കുള്ള കോവിഷീൽഡ് ഡോസിന്റെ വില 400ൽനിന്ന് 300 രൂപയായി സിറം ഇൻസ്റ്റിറ്റിയൂട്ട് കുറച്ചിട്ടുണ്ട്. എന്നാൽ സ്വകാര്യ ആശുപത്രികൾ ഒരു ഡോസിന് 600 രൂപ നൽകണം. ഡോസ് ഒന്നിന് 150 രൂപയ്ക്ക് വിറ്റാലും ലാഭം ലഭിക്കുമെന്ന് പൂനെവാല പറഞ്ഞ സാധനമാണ് കേന്ദ്ര ഇടപെടലിന് ശേഷം 300 ഉം അറുനൂറുമൊക്കെയായി ഉയർന്നത്. അദാർ പൂനെവാലെയുടെ ജീവന് സുരക്ഷ ഉറപ്പു വരുത്താൻ അദ്ദേഹത്തിന് വൈ കാറ്റഗറി സുരക്ഷാ സംവിധാനമേർപ്പെടുത്തിയിരുന്നു. അതു കഴിഞ്ഞ് രണ്ടു നാൾക്കകം മൂപ്പരുടെ പ്രസ്താവന വരുന്നത് ലണ്ടനിൽനിന്നാണ്. ഇന്ത്യയിലെ ചില പൊളിറ്റീഷ്യൻസിനെയും (മുഖ്യമന്ത്രിമാർ) ബ്യൂറോക്രാറ്റുകളെയും കൊണ്ട് ഗതികെട്ടാണ് ഇങ്ങോട്ട് പോന്നതെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ജൂലൈ മാസമാകാതെ അവരൊക്കെ ആവശ്യപ്പെടുന്നത്ര വാക്‌സിൻ നൽകാൻ സെറം ഇൻസ്റ്റിറ്റിയൂട്ടിനാവില്ല. പിന്നെ വിളിച്ച് വെറുപ്പിച്ചിട്ടെന്ത് കാര്യമെന്നാണ് ചോദ്യം. 


ഡിസിജിഎ രണ്ട് കൊറോണ വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തത്. കോവിഷീൽഡിന് അംഗീകാരം നൽകുന്നതിനൊപ്പം, കോവിഡ് 19 പരിരക്ഷയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെക പിഎൽസിയും വികസിപ്പിക്കുകയും സിറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡ് നിർമ്മിക്കുകയും ചെയ്ത കോവാക്‌സിനും അനുമതി നൽകിയിരുന്നു. 
ഇന്ത്യയിലെ നല്ലൊരു ശതമാനം യുവാക്കളാണ് കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിന്റെ വരവോടെ മരണത്തിന് കീഴടങ്ങിയത്. വാക്‌സിൻ കയറ്റുമതി ചെയ്യാതെ രാജ്യത്തിനകത്ത് തന്നെ വിതരണം ചെയ്തിരുന്നുവെങ്കിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. 


കോവിഡ് വാക്‌സിന്റെ ഫോർമുല രണ്ടു കമ്പനികളിലായി ഒതുക്കി നിർത്താതെ കൂടുതൽ നിർമാതാക്കൾക്ക് പങ്ക് വെക്കാൻ കേന്ദ്രം തയാറാകണമായിരുന്നു.  രാജ്യത്ത് ഉപയോഗിച്ചു വരുന്ന രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ ഫോർമുല കൂടുതൽ കമ്പനികളുമായി പങ്ക് വെക്കാൻ മുൻകൈയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. നിലവിൽ രണ്ട് കമ്പനികൾ മാത്രമാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുന്നത്. ഒരു മാസം പരമാവധി ആറോ ഏഴോ കോടി ഡോസ് മാത്രമേ ഇവർക്ക് ഉത്പാദിപ്പിക്കാൻ സാധിക്കൂ. ഇപ്രകാരം തുടരുകയാണെങ്കിൽ രാജ്യത്ത് എല്ലാവർക്കും വാക്‌സിൻ പൂർണമായും ലഭ്യമാക്കാൻ രണ്ട് വർഷത്തിലേറെ സമയം എടുക്കും. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വാക്‌സിൻ നിർമാണ സാധ്യത പരിശോധിക്കപ്പെടണം. 
അതിനിടയ്ക്ക് വാക്‌സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.  അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുൻനിർത്തി നയങ്ങൾ രൂപീകരിക്കാൻ വിവേചന അധികാരം സർക്കാരിനാണെന്ന് കാട്ടി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. സംസ്ഥാന സർക്കാരുകൾ സൗജന്യമായി വാക്‌സിൻ നൽകുന്നതിനാൽ വിലയിലെ വ്യത്യാസം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തിൽ  വ്യക്തമാക്കി. വാക്‌സിൻ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവർക്കും ഒരേ സമയം വാക്‌സിൻ ലഭ്യമാക്കാൻ കഴിയില്ല എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.


സംസ്ഥാന സർക്കാരുകൾ, വിദഗ്ധർ, വാക്‌സിൻ നിർമ്മാതാക്കൾ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് വാക്‌സിൻ നയം രൂപീകരിച്ചത്. ഇക്കാര്യം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷപാതരഹിതമായി വാക്‌സിൻ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്‌സിൻ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്ക് അനുസൃതമാണ് നയം. ഈ വ്യാപ്തിയിൽ മഹാമാരി നേരിടുമ്പോൾ കോടതിയുടെ ഇടപെടൽ ആവശ്യമില്ല. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്‌സിക്യുട്ടീവ് നയങ്ങൾ രൂപീകരിക്കുന്നത്. എക്‌സിക്യുട്ടീവിന്റെ പ്രാപ്തിയിൽ വിശ്വസിക്കണമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ അഭ്യർഥിക്കുകയും ചെയ്തു.  കോവിഡ് വാക്‌സിനേഷൻ പദ്ധതി  പുനഃപരിശോധിക്കണം എന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു. 


പൗരന്മാരുടെ ആരോഗ്യ സംരക്ഷണമാണ് ഏത് ഭരണകൂടത്തിനും മുഖ്യം. ലണ്ടനിലെ മഹത്തായ ആരോഗ്യ സ്ഥാപനം വികസിപ്പിച്ചെടുത്ത് പേറ്റൻസിയ്ക്ക് പണമൊന്നും ഈടാക്കാതെ പാവപ്പെട്ട ജനകോടികൾക്ക് ഉപകാരപ്പെടട്ടെ എന്നു പറഞ്ഞ് കൈമാറിയതാണ് വാക്‌സിന്റെ രഹസ്യം. പൊതു താൽപര്യത്തിനെതിരെ നിൽക്കുന്ന സ്ഥാപനങ്ങളെ നിലയ്ക്ക് നിർത്താൻ ഭരണകൂടങ്ങൾക്ക് കഴിയണം. അമേരിക്കയിലെ ജോ ബൈഡൻ ഭരണകൂടം ചെയ്ത ചില നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ മരുന്ന് കമ്പനികളെ വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുവദിക്കാനാണ്  പേറ്റന്റുകൾ നീക്കാൻ യു.എസ് ഭരണകൂടം തയാറായത്. അമേരിക്കൻ ജനതയ്ക്ക് ആവശ്യമായ വാക്‌സിൻ ഉറപ്പുവരുത്തി വാക്‌സിൻ ഉത്പാദനവും വിതരണവും വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയും വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി. വ്യാപാരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകർച്ചവ്യാധി അവസാനിപ്പിക്കാൻ വാക്‌സിനുകൾക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നതാണ് യുഎസ് ചെയ്തത്. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. കോവിഡ് മഹാമാരി പോലൊരു അസാധാരണമായ സാഹചര്യത്തിലെ അസാധാരണ നടപടി. യുഎസ് നീക്കം ചരിത്രപരമാണെന്നാണ്  ലോകാരോഗ്യ സംഘടനയുടെ  മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതികരിച്ചത്. 

 

 

Latest News