Sorry, you need to enable JavaScript to visit this website.

ബെൽ-ഇ.എം.എൽ കേരളത്തിന് കൈമാറാൻ അനുമതി

തിരുവനന്തപുരം- കേന്ദ്രസർക്കാർ വിൽപനക്കുവെച്ച കാസർകോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെൽ-ഇഎം.എൽ കേരളത്തിന് കൈമാറാൻ അനുമതിയായി. സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായാണ് സ്ഥപനത്തിൽ ബെല്ലിന്റെ ഓഹരിയായ 51 ശതമാനം കൈമാറാൻ കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് ആന്റ് പബ്ലിക് എന്റർപ്രൈസസ് മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്രസർക്കാർ വിൽപനയ്ക്കു വെച്ച കോട്ടയത്തെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കഴിഞ്ഞ വർഷം സംസ്ഥാനം ഏറ്റെടുത്തിരുന്നു. കേന്ദ്രം വിൽക്കാൻവെച്ച പാലക്കാട്ടെ ഇൻസ്ട്രുമെന്റേഷനും ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതതയിലുള്ള കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനീയറിംഗ് കമ്പനി (കെൽ) ക്കു കീഴിലുള്ള യൂനിറ്റായിരുന്നു കാസർകോട്ടെ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡ് (ഇ.എം. എൽ) എന്ന സ്ഥാപനം. അക്കാലത്ത് നല്ല നിലയിലാണ് സ്ഥാപനം പ്രവർത്തിച്ചത്. 2010 ൽ 51 ശതമാനം ഓഹരി കേന്ദ്ര സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെ ഭാഗമാക്കി അവരുടെ യൂനിറ്റാക്കി മാറ്റി. 


റെയിൽവേക്കും പ്രതിരോധ വകുപ്പിനും ആവശ്യമായ ആൾട്ടർ മീറ്ററായിരുന്നു പ്രധാന ഉൽപാദനം. നിറയെ ഓർഡർ ലഭിച്ചെങ്കിലും ഭെല്ലിൽനിന്ന്  പിന്തുണ ലഭിച്ചില്ല. 2016 ൽ നഷ്ടക്കണക്കു പറഞ്ഞ് സ്ഥാപനം അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങി. ഈ അവസരത്തിലാണ് ഏറ്റെടുക്കാൻ എൽ.ഡി.എഫ് സർക്കാർ മുന്നോട്ടുവന്നത്. അതിനുള്ള നടപടികളും അതിവേഗം മുന്നോട്ടു കൊണ്ടുപോയി. എന്നാൽ, അനുമതി നൽകുന്നതിൽ കേന്ദ്ര സർക്കാർ അനാസ്ഥ കാണിച്ചതിനാൽ ഏറ്റെടുക്കൽ വൈകി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സ്ഥാപനം കടുത്ത അവഗണനയാണ് നേരിട്ടത്. 


രണ്ട് വർഷത്തോളമായി ജീവനക്കാർക്ക് ശമ്പളമില്ല. 150 സ്ഥിരം ജീവനക്കാരടക്കം 174 പേർ ജോലി ചെയ്തിരുന്നു. ഇവരുടെ അവസ്ഥ പരിതാപകരമാണ്. പ്രതിസന്ധി നേരിടാൻ അഞ്ചര കോടി രൂപ സംസ്ഥാന സർക്കാർ നൽകി. തൊഴിലാളികളുടെ പ്രയാസം കണക്കിലെടുത്ത് രണ്ട് തവണയായി 30 ലക്ഷം രൂപയും നൽകി. 2019-20 ബജറ്റിൽ പത്ത് കോടി രൂപ എൽ.ഡി.എഫ് സർക്കാർ പുനഃരുദ്ധാരണത്തിനായി നീക്കിവെച്ചിരുന്നു. കൈമാറ്റം നടക്കാത്തതിനാൽ ഈ തുക വിനിയോഗിക്കാനായില്ല. റിയാബിന്റെയും മറ്റും മേൽനോട്ടത്തിൽ സ്ഥാപനത്തിലെ ജീവനക്കാരുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നല്ല ഇടപെടൽ നടത്തി.
ഓഹരി കൈമാറാൻ കേന്ദ്രം അനുമതി നൽകിയ സാഹചര്യത്തിൽ ഇനി ഡയറക്ടർ ബോർഡാണ് നടപടികൾ സ്വീകരിക്കേണ്ടത്. കേന്ദ്ര സർക്കാരിന്റെയും ബെല്ലിന്റെയും നാല് പ്രതിനിധികളും സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയുമാണ് ബോർഡിലുള്ളത്. ഓഹരി കൈമാറ്റം നടന്നാലുടൻ സ്ഥാപനത്തിന്റെ പുനഃരുദ്ധാരണത്തിനും നവീകരണത്തിനുമുള്ള പ്രവർത്തനങ്ങൾ സജീവമാക്കും. മുഴുവൻ തൊഴിലാളികളെയും സംരക്ഷിച്ച് സ്ഥാപനത്തെ പുതിയ കാലത്തിന് അനുസരിച്ച് ഉയർത്താനുള്ള നടപടികളും സംസ്ഥാന സർക്കാർ തയാറാക്കിയിട്ടുണ്ട്.

 

Latest News