Sorry, you need to enable JavaScript to visit this website.

സ്‌പോൺസർ റൂമിൽ പൂട്ടിയിട്ടു: സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ വയനാട് സ്വദേശി നാടണഞ്ഞു

റാഫി സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനോടൊപ്പം

റിയാദ് - സ്‌പോൺസർ റൂമിൽ പൂട്ടിയിട്ട് ഉപദ്രവിച്ച വയനാട് സ്വദേശി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തി. റിയാദ് ഹയ്യുൽ ഹംറയിൽ സ്വദേശിയുടെ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന വയനാട് സ്വദേശി മുഹമ്മദ് റാഫിയാണ് ലേബർകോർട്ടിൽ നൽകിയ പരാതി അനുകൂലമായ സാഹചര്യത്തിൽ നാട്ടിലെത്തിയത്.
രണ്ടുവർഷം മുമ്പാണ് റാഫി ഹൗസ് ഡ്രൈവർ ജോലിക്കെത്തിയത്. നിസ്സാര പ്രശ്‌നങ്ങൾക്ക് പോലും സ്‌പോൺസർ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് റാഫി പറഞ്ഞു. തന്റെ റൂമിന്റെ ചാവി സ്‌പോൺസറുടെ കയ്യിലുണ്ടായിരുന്നതിനാൽ പല സമയത്തും പുറത്തിറങ്ങാതിരിക്കാൻ പൂട്ടിയിടുമായിരുന്നു. അതിനിടെ ചാരായക്കേസിൽ അകപ്പെടുത്തി അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ റൂമിലുണ്ടായിരുന്ന ജ്യൂസ് ചാരായമാണെന്നും പോലീസിനെ കൊണ്ടുവന്ന് അറസ്റ്റ് ചെയ്യിക്കുമെന്നുമായിരുന്നു ഭീഷണി.

ഒരു ദിവസം സ്‌പോൺസർ റൂം പൂട്ടാൻ മറന്നയുടനെ അവിടെ നിന്ന് രക്ഷപ്പെട്ടു തനിക്ക് വിസ നൽകിയ ആളുടെ അടുത്തെത്തി. അദ്ദേഹം സാമൂഹിക പ്രവർത്തകരെ ബന്ധപ്പെട്ട പ്രകാരം അവർ സ്‌പോൺസറോട് സംസാരിച്ചു. 20000 റിയാൽ തന്നാൽ ഫൈനൽ എക്‌സിറ്റ് നൽകാമെന്നാണ് സ്‌പോൺസർ അറിയിച്ചത്. ഇതിനിടെ റാഫിയെ ഹുറൂബാക്കുകയും ചെയ്തു. തുടർന്ന് റിയാദ് മലപ്പുറം കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ദീഖ് തുവ്വൂരിനെ കേസ് ഏൽപ്പിച്ചു. സിദ്ദീഖ് ഇന്ത്യൻ എംബസിയിലും ലേബർ ഓഫീസിലും റാഫിക്ക് വേണ്ടി പരാതി നൽകി. സ്‌പോൺസറെ വിളിപ്പിച്ച് മൂന്നു മാസത്തെ ശമ്പളം നൽകാൻ ലേബർ കോടതി ഉത്തരവിട്ടു. ഇഖാമ കൈവശം ഇല്ലാത്തതിനാൽ ആയിരം റിയാൽ പിഴ തർഹീലിൽ അടച്ച ശേഷം തർഹീലിൽ നിന്ന് എക്‌സിറ്റ് നേടിയാണ് നാട്ടിലേക്ക് പോയത്. ഹനീഫ് പുത്തനത്താണിയും ഈ കേസിൽ സിദ്ദീഖിനെ സഹായിച്ചിരുന്നു.

Latest News