റിയാദ് - 11 മാസം മുമ്പ് ആത്മഹത്യ ചെയ്ത ആന്ധ്രപ്രദേശ് കടപ്പ സ്വദേശിയായ വീട്ടുവേലക്കാരിയുടെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ ഇടപെട്ട് ഖബറടക്കി. ശഖ്‌റയിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യവെ ആത്മഹത്യ ചെയ്ത കടപ്പ ഫിർദൗസ് ശൈഖി(29) ന്റെ മൃതദേഹമാണ് ശഖ്‌റയിൽ ഇന്നലെ ഖബറടക്കിയത്.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഒരു ദിവസം ഷാൾ കഴുത്തിൽ കുരുക്കിയാണ് ഫിർദൗസ് ആത്മഹത്യ ചെയ്തത്. സ്‌പോൺസർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയതോടെ പോലീസിനെ അറിയിക്കുകയും അവർ മോർച്ചറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആത്മഹത്യ തന്നെയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുമുണ്ടായിരുന്നു. പിന്നീട് സ്‌പോൺസർ ഇന്ത്യൻ എംബസിയെ വിവരമറിയിച്ചു. എംബസി സാമൂഹിക പ്രവർത്തകനായ സജ്ജാദ് ഖാൻ പത്തനംതിട്ടയെ കേസ് ചുമതലയേൽപ്പിച്ചു. സജ്ജാദ് ബന്ധുക്കളെ ബന്ധപ്പെട്ടപ്പോൾ പ്രായമായ മാതാവും ഒരു സഹോദരിയും മാത്രമേ ഇവർക്ക് ഉണ്ടായിരുന്നുള്ളൂ. മരണത്തിൽ സംശയമുണ്ടെന്ന കാരണം പറഞ്ഞ് അവർ രേഖകൾ അയച്ചുതരാൻ വൈകി. എംബസി ഇടപെട്ട് രേഖകൾ എത്തിച്ച ശേഷമാണ് സജ്ജാദ് ഖാൻ ഖബറടക്കത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
മരിച്ചുപോയ പിതാവിന് വേണ്ടി ഉംറ ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രകാരം അവരെ ഉംറക്ക് കൊണ്ടുപോയിരുന്നുവെന്ന് സ്‌പോൺസർ പറഞ്ഞു. അന്നവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ദുബൈ വഴിയാണ് റിക്രൂട്ടിംഗ് ഏജന്റ് ഇവരെ സൗദിയിലെത്തിച്ചത്.






