ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ പതിതപക്ഷ ജീവിതവുമൊക്കെ അമ്മ വഴിയും പിതാവ് വഴിയുമെല്ലാം അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. ശ്രീ നാരായണ ഗുരു മരിച്ചെന്നറിഞ്ഞപ്പോൾ വാവിട്ടു കരയുന്ന അമ്മയും ഇനി നമുക്കാരുണ്ട് എന്ന് വിലപിക്കുന്ന പിതാവും അക്കാലത്ത് മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞു ഗൗരിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയതാണ്.
ആധുനിക കേരളത്തിന്റെ ചരിത്രഗതിയിൽ സ്വാധീനം ചെലുത്തുകയും ഒരു വേള അലിഞ്ഞു ചേരുകയും ചെയ്ത രാഷ്ട്രീയവ്യക്തിത്വമായിരുന്നു കെ.ആർ.ഗൗരിയമ്മ. കളത്തിപറമ്പിൽ രാമൻ ഗൗരിയമ്മ ജീവിച്ച കാലത്തെ സ്ഥിതിയനുസരിച്ച്, എല്ലാവർക്കും എത്തിപ്പെടാൻ പറ്റാത്തതായിരുന്നു നിയമ വിദ്യാഭ്യാസത്തിന്റെയും മറ്റും ഔന്നത്യം. ഗൗരിയമ്മയുടെ കുടുംബത്തിന് അതിനെല്ലാമുള്ള ശേഷിയുണ്ടായിരുന്നതിനാൽ അവർക്കത് സാധിച്ചു. അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരഭിമുഖത്തിൽ ഗൗരിയമ്മയുടെ സാരികോന്തലയിൽ തൂങ്ങിക്കിടക്കുന്ന താക്കോൽ കൂട്ടത്തെപ്പറ്റി പറയുന്നുണ്ട്. ഇതെന്താണ് എന്ന മട്ടിൽ അഭിമുഖത്തിനെത്തിയ ലേഖകൻ ശങ്കിച്ച് നിന്നപ്പോൾ അവരിൽ നിന്ന് വന്ന വിശദീകരണം ഇങ്ങനെ: പഴയ തറവാട്ടിലൊക്കെ ഇങ്ങനെയായിരുന്നെടോ!
എന്റെ അമ്മയും (പാർവ്വതി അമ്മ) ഇങ്ങനെ താക്കോൽ കെട്ടിയിട്ട് നടന്നിരുന്നു. ഈ താക്കോലൊന്നും ഞാൻ ഉപയോഗിക്കുന്നില്ല. ചേർത്തലയിലെ ജന്മി കുടുംബമായിരുന്നുതന്റെതെന്ന് കളിയായും കാര്യമായും അവർ പറയാറുണ്ടായിരുന്നു. കുടുംബപരമായി കൂടെയുണ്ടായിരുന്ന ജന്മിത്വബോധം പക്ഷെ ജന്മിത്വം അവസാനിപ്പിക്കാനുള്ള നിയമനിർമ്മാണം നടത്തുന്നതിൽ നിന്നോ, പോരാട്ടങ്ങളിൽ നിന്നോ അവരെ പിന്തിരിപ്പിച്ചില്ല. കമ്യൂണിസ്റ്റ് ബോധം മാത്രമായിരിക്കില്ല ആ വഴിക്ക് അവരെ വഴി നടത്തിയത്. അന്നത്തെ മനുഷ്യരിൽ 90 ശതമാനം ആളുകളും ഭൂരഹിതരായിരുന്നു എന്ന തിരിച്ചറിവുമായിരുന്നു. കുമാരനാശാന്റെ കവിത കേട്ട് വളർന്ന ബാല്യം. കുഞ്ഞായിരുന്നപ്പോൾ കളത്തിപ്പറമ്പിൽ വന്ന ശ്രീനാരായണ ഗുരുവിനെ കണ്ടിട്ടുണ്ട്. ശ്രീനാരായണയത്വവും, കമ്യൂണിസ്റ്റ് ബോധവും രൂപപ്പെടുത്തിയ അപൂർവ്വ വ്യക്തിത്വം. 1948 ൽ പി. കൃഷ്ണപിള്ളയാണ് ഗൗരിയമ്മക്ക് പാർട്ടി അംഗത്വം നൽകിയത്. പാർട്ടിക്കാരിയായിരിക്കുമ്പോഴും ശ്രീനാരായണ ഗുരു പഠിപ്പിച്ച ദർശനങ്ങൾ ഗൗരിയമ്മ മറന്നില്ല. മറക്കാൻ കഴിയുമായിരുന്നില്ല എന്നതാണ് ശരി. രാഷ്ട്രീയത്തിലെ എല്ലാ കലങ്ങി മറച്ചിലിനിടയിലും അവർ ആ പിന്നോക്ക സമുദായ അവകാശ ബോധം കൂടെ കൊണ്ടു നടന്നിരുന്നുവെന്നാണ് തോന്നുന്നത്. നിയമസഭയിലെ പിന്നോക്ക സംവരണ വാദികളോട് പ്രത്യേകിച്ച് ലീഗിനോട് അവർ പ്രത്യേകമമത വെച്ചുപുലർത്തിയിരുന്നില്ലേ എന്ന ചിന്ത പല ഘട്ടങ്ങളിലും ഇതെഴുതുന്നയാൾക്കുണ്ടായിട്ടുണ്ട്- സ്‌നേഹം ഉള്ളിലൊളിപ്പിച്ച ഒരു ബന്ധം. ഒരു ദിവസം നിയമസഭക്കകത്ത് ഇ.ടി. മുഹമ്മദ് ബഷീർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തപ്പോൾ പലിശ നിഷദ്ധമാക്കിയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഇ.ടി. ഇതെന്ത് ഭാവിച്ചാണ് എന്ന ചോദ്യത്തിലൂടെ നിരായുധനാക്കിക്കളഞ്ഞത് ഇപ്പോഴും ഓർക്കുന്നു.
കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980, 1987, 2001 എന്നീ വർഷങ്ങളിൽ രൂപം കൊണ്ട മന്ത്രിസഭകളിലെല്ലാം അവർ അംഗമായിരുന്നു. കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. റവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കെല്ലാം നേതൃത്വം കൊടുത്തു.
പ്രഗൽഭയായ മന്ത്രിയായിരുന്നു അവർ. എത്രയോ ഐ.എ.എസുകാരുടെ ഭരണകുറിപ്പുകൾ അവർ അടിമുടി മാറ്റി എഴുതി. എങ്ങനെ എഴുതാതിരിക്കും ,പഠന കാലത്ത് മനസിലുറച്ചുപോയ ഷേക്‌സ്പിയറെയും, ഷെല്ലിയെയും, ബർണാഡ്ഷയെയുമൊക്കെ ജീവിതത്തിലുടനീളം കൂടെ കൊണ്ടുനടന്ന ഒരാളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ആലോചിക്കാവുന്നതല്ലേയുള്ളൂ. അങ്ങനെയൊരാൾക്ക് മുന്നിൽ ഐ.എ.എസ് ഭാഷയൊക്കെ തോറ്റു പോവുന്നത് സ്വാഭാവികം. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചതു വഴി തന്റെ ശ്രീനാരായണീയ ബോധം അവർ ഒരിക്കൽ കൂടി പുറത്തു കാണിച്ചു. ശ്രീ നാരായണ ഗുരുവും അദ്ദേഹത്തിന്റെ പതിതപക്ഷ ജീവിതവുമൊക്കെ അമ്മ വഴിയും പിതാവ് വഴിയുമെല്ലാം അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. ശ്രീ നാരായണ ഗുരു മരിച്ചെന്നറിഞ്ഞപ്പോൾ വാവിട്ടു കരയുന്ന അമ്മയും ഇനി നമുക്കാരുണ്ട് എന്ന് വിലപിക്കുന്ന പിതാവും അക്കാലത്ത് മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞു ഗൗരിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയതാണ്. അതൊന്നും പക്ഷെ ഗൗരിയമ്മ വൈകാരികമായി മാത്രം എടുത്തില്ല. തന്റെ നിലപാടുകളോട് അതെല്ലാം ചേർത്തുവെച്ചു കൊണ്ടുനടന്നു. നോക്കൂ,
'വാഴക്കുല'യെന്ന പതിത പക്ഷ കവിതയെഴുതിയ ചങ്ങമ്പുഴ ഗൗരിയമ്മയുടെ കൂടെ പഠിച്ചയാളാണ്. മലയപുലയന്റെ മക്കൾ ആറ്റു നോറ്റു കാത്തിരുന്ന വാഴക്കുല ജന്മിവന്ന് വിളവെടുത്ത്‌ക്കൊണ്ടു പോകുന്നരംഗം അന്ന് കേരള സമൂഹത്തിലെ 90 ശതമാനത്തിന്റെയും വേദനയായിരുന്നു. അതു കൊണ്ടവർ ജന്മിത്തം അവസാനിപ്പിക്കാനുള്ള നിയമത്തിന്റെ കാര്യത്തിൽ ഊന്നൽ കൊടുത്തത് സ്വാഭാവികം. നിയമ പഠനം ഗൗരിയമ്മക്ക് തന്റെ മുന്നോട്ടുള്ള ചുവട് വെപ്പുകളിൽ എത്രമാത്രം സഹായകമായെന്ന് അവരുടേതായി അറിയപ്പെടുന്ന ഇത്തരം നിയമ നിർമ്മാണങ്ങൾ തന്നെ ധാരാളം മതി.ചെറിയ ലിസ്റ്റ് ഇനി പറയുന്നു; 1957ലെ പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ വകുപ്പുമന്ത്രി എന്ന നിലയിൽ ഗൗരിയമ്മയായിരുന്നു ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമം (1957), കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും പാസ്സാക്കിയതും നടപ്പിൽ വരുത്തിയതും. കേരളത്തിന്റെ പിൽക്കാല സാമ്പത്തികസാമൂഹ്യചരിത്രഗതി നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. കെ.ആർ. ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച് പ്രാബല്യത്തിൽ വരുത്തിയ പ്രധാന നിയമങ്ങൾ
1957ലെ (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം)
1957ലെ തിരുകൊച്ചി ഭൂനികുതി നിയമം
1957ലെ ഭൂസംരക്ഷണനിയമം
1958ലെ കേരളാ കോമ്പൻസേഷൻ ഫോർ ടെനന്റ്‌സ് ഇപ്രൂവ്‌മെന്റ് ആക്ട്
1958ലെ സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം
1958ലെ അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം
1959ലെ മുദ്രപത്ര നിയമം
1960ലെ ജന്മിക്കരം ഒഴിവാക്കൽ നിയമം
1960ലെ പാട്ടക്കുടിയാൻ നിയമം
1968ലെ ജപ്തി നിയമം
1987ലെ അഴിമതി നിരോധന നിയമം
1991ലെ വനിതാ കമ്മീഷൻ ആക്ട്
നിയമവിദ്യാഭ്യാസത്തിന്റെ ഔന്നത്യത്തിൽ വിരാജിച്ച ഗൗരിയമ്മക്ക് നിയമ ബോധം ഭരണ നിർവ്വഹണത്തിലും പ്രൗഢിയോടെ നിലനിർത്താനായി. കഴിവും തന്റേടവും വെച്ച് പരിശോധിക്കുമ്പോൾ ഇന്ദിരാഗാന്ധിയോടൊക്കെ ചേർത്ത് നിർത്താവുന്ന വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്.