Sorry, you need to enable JavaScript to visit this website.

സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍; 6 മന്ത്രിമാര്‍ ഔദ്യോഗിക വാഹനം തിരിച്ചേല്‍പ്പിച്ചു 

തിരുവനന്തപുരം- പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രണ്ടു മീറ്റര്‍ അകലത്തില്‍ ഇവര്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കുന്നതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വിശാലമായ പന്തല്‍ നിര്‍മിക്കും.
പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളില്‍നിന്നുള്ള പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 750 പേരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പൊതുജനങ്ങള്‍ക്കു പ്രവേശനം ഇല്ല.
പഴയ മന്ത്രിസഭ കെയര്‍ടേക്കറായി തുടരുന്നുണ്ടെങ്കിലും മന്ത്രിമാരില്‍ പലരും അപൂര്‍വമായി മാത്രമേ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ ഓഫിസില്‍ എത്തുന്നുള്ളൂ. ആറു മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ ഏല്‍പിച്ചു കഴിഞ്ഞു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്കും മുഴുവന്‍ പേരും ഔദ്യോഗിക വാഹനം തിരികെ ഏല്‍പിക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ഇന്നോവ ക്രിസ്റ്റ വണ്ടികളാണു മന്ത്രിമാര്‍ക്കു നല്‍കിയിരിക്കുന്നത്. ഇതു തിരികെ വാങ്ങി അത്യാവശ്യം അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാര്‍ക്കു നല്‍കും. സത്യപ്രതിജ്ഞയ്ക്കുശേഷം ഈ വാഹനങ്ങളില്‍ ആയിരിക്കും പുതിയ മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനായി പോകുക.
കെയര്‍ടേക്കര്‍ മന്ത്രിമാര്‍ ആരും ഇതുവരെ ഓഫിസും ഔദ്യോഗിക വസതിയും ഒഴിഞ്ഞിട്ടില്ല. പുതിയ മന്ത്രിസഭയിലും ഇവരില്‍ ചിലര്‍ അംഗങ്ങളായി തുടരുകയാണെങ്കില്‍ ഒഴിയേണ്ട കാര്യമില്ല. സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍ക്ക് ഓഫിസും വസതിയും ഒഴിയാന്‍ 15 ദിവസത്തെ സാവകാശം ലഭിക്കും.മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ ചുമതല ടൂറിസം വകുപ്പിനും ഓഫിസിന്റെ ചുമതല സെക്രട്ടേറിയറ്റിലെ ഹൗസ് കീപ്പിങ് വിഭാഗത്തിനുമാണ്. പഴയ മന്ത്രിമാര്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഇവ മരാമത്തു വകുപ്പിനെ കൊണ്ട് അറ്റകുറ്റപ്പണി നടത്തിച്ചു വേണം പുതിയ മന്ത്രിമാര്‍ക്കു കൈമാറാന്‍. ഇക്കാര്യത്തില്‍ പുതിയ മന്ത്രിമാരുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും പരിഷ്‌കാരം വരുത്തുക.
 

Latest News