ഇസ്രായിലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് ഭർത്താവുമായി സംസാരിക്കുമ്പോള്‍; നാട്ടില്‍ വന്നത് നാല് വർഷം മുമ്പ്

ഇടുക്കി- ഇസ്രായിലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി യുവതി സംഭവ സമയത്ത് നാട്ടിലുള്ള ഭർത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇസ്രായിലിലെ അതിർത്തി പട്ടണമായ അഷ്ക ലോണിൽ ചൊവ്വാഴ്ച ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇടുക്കി കീരിത്തോട് സ്വദേശി   സൗമ്യയും ഇവർ പരിചരിച്ചരുന്ന വൃദ്ധയായ ഇസ്രായിലി വനിതയുമാണ് കൊല്ലപ്പെട്ടത്. 

ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്‍റില്‍ റോക്കറ്റ് പതിക്കുകയായിരുന്നു. അപ്രതീക്ഷതമായി ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് വീണപ്പോള്‍  സുരക്ഷ മുറിയിലേക്ക് ഓടി മാറാനുള്ള സമയം  ലഭിച്ചില്ല. വീൽചെയറിലായിരുന്ന വനിതയെ വർഷങ്ങളായി പരിചരിക്കുന്നത് സൗമ്യയാണ്. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാർത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലെത്തി.

സംഭവുമായി ബന്ധപ്പെട്ട് ഇസ്രായിയിലെ ഇന്ത്യൻ എംബസി  ഔദ്യോഗിക വിവരങ്ങൾ നല്‍കിയിട്ടില്ല.   പത്തുവർഷമായി സൗമ്യ  അഷ്കലോണിൽ കെയർ ഗിവറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി നാട്ടില്‍ വന്നുപോയത്.. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. 

Latest News