വിവാഹവാഗ്ദാനം നല്‍കി പീഡനം; പോലീസിന്റെ   ഒത്തുതീര്‍പ്പില്‍ പരാതിക്കാരിയെ വിവാഹം ചെയതു 

ജയ്പുര്‍-പീഡന പരാതി നല്‍കിയ യുവതിയെ പോലീസിന്റെ സാന്നിധ്യത്തില്‍ താലി ചാര്‍ത്തി ആരോപണവിധേയനായ യുവാവ്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പോലീസിന്റെ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്‌ക്കൊടുവിലാണ് വിവാഹം എന്ന തീരുമാനത്തിലെത്തിയത്.
രാമഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ  ക്ഷേത്രത്തില്‍ വച്ചാണ് പീഡന ആരോപണ വിധേയനായ യുവാവ് പരാതിക്കാരിയെ വിവാഹം ചെയ്തത്. എല്ലാ വിധ ആചാരഅനുഷ്ടാനങ്ങളും പാലിച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. പോലീസുകാരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന് യുവതിയുടെ സഹോദരനും യുവാവിന്റെ പിതാവും സന്നിഹിതരായിരുന്നു. 
ഈ മാസം ആദ്യമാണ് അയല്‍ക്കാരനായ മോട്ടിലാല്‍ എന്ന യുവാവിനെതിരെ യുവതി പീഡന പരാതി നല്‍കിയത്. പോലീസ് പറയുന്നതനുസരിച്ച് പരാതിക്കാരിയും യുവാവും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു. മോട്ടിലാല്‍ വിവാഹം വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതോടെയാണ് യുവതി പീഡന പരാതിയുമായി പോലീസിനെ സമീപിച്ചത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കൊടുവില്‍ ഇരുവരും വിവാഹിതരാകുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നതെന്നും എസ്പി വ്യക്തമാക്കി. വിവാഹ സല്‍ക്കാരത്തിന് അനുമതി തേടിയുള്ള വധുവരന്മാരുടെ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ബാല്‍കിഷന്‍ തിവാരി നിരസിച്ചു. കോവിഡ് വ്യാപന  പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. 


 

Latest News