Sorry, you need to enable JavaScript to visit this website.

അബഹയിലെ പൂക്കാലം 

വിനോദ കേന്ദ്രത്തിലെത്തിയ സഞ്ചാരികൾ
ലേഖകൻ. 
വാക്ക് വേ. 

മെയ് മാസം അബഹയിലെ പൂക്കാലമാണ്. വസന്തത്തിന്റെ വരവറിയിച്ചുകൊണ്ട്  അബഹയിലെ ജക്രാന്ത മരങ്ങൾ നേരത്തെ തന്നെ  നീല വസന്തം തീർത്തിരിക്കുകയാണ്  മലയോര പട്ടണമാകെ.   സമുദ്ര നിരപ്പിൽ നിന്നും 2,270 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യയിലെ  അബഹ അറബ് ലോകത്തിന്റെ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.  അതുകൊണ്ട് തന്നെ മല മുകളിലെ നീല മേഘങ്ങൾ പോലെ പൂത്തു നിൽക്കുന്ന ജക്രാന്ത മരങ്ങൾ കാണാൻ വിനോദ സഞ്ചാരികളുടെ പ്രവാഹമാണ് അബഹയിലേക്ക്. സൗദിയുടെ മറ്റു ഭാഗങ്ങളിൽ ചൂടുകാലമാണെങ്കിലും അബഹയിൽ നട്ടുച്ചയ്ക്ക് പോലും തണുപ്പാണ്. 


 വൈകിട്ട് കോടമഞ്ഞും ഇടയ്ക്ക് മഴയും പെയ്യുന്ന അബഹയുടെ കാലാവസ്ഥ അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളെ ആകർഷിക്കുന്നു.  മാത്രമല്ല ചുറ്റുഭാഗവും മലനിരകളും ഇടയ്ക്കിടയ്ക്കുള്ള പച്ചപ്പും കൃഷിസ്ഥലങ്ങളും അബഹയുടെ ഭംഗി കൂട്ടുന്നു. 


ഏപ്രിൽ, മെയ് മാസങ്ങളിലാണ് അബഹയിലെ ജക്രാന്ത മരങ്ങൾ പൂക്കുന്നത്. ഇതോടു കൂടി വസന്തകാലം തുടങ്ങുകയായി. ഈ സമയം  കൊടും തണുപ്പും ചൂടും ഇല്ലാത്ത നല്ല കാലാവസ്ഥയായിരിക്കും.  അബഹ സീസൺ ഫെസ്റ്റിവൽ തുടങ്ങുന്നതും ഈ സമയത്താണ്. ഇത്തവണ പൂക്കാലവും റമദാനും  പെരുന്നാളും സ്‌കൂൾ അവധിയും എല്ലാം ഒരുമിച്ചു വന്നതുകൊണ്ട് അബഹയിൽ ധാരാളം  സ്വദേശികളും വിദേശികളും വരുന്നുണ്ട്. എന്നാൽ നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് പാർക്കുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് പെരുന്നാൾ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ നേരത്തെ അന്വേഷിച്ച ശേഷം പോവുക. 


അബഹയുടെ വിവിധ ഭാഗങ്ങളിൽ നമുക്ക് ജക്രാന്ത മരങ്ങൾ പൂത്തുനിൽക്കുന്നത് കാണാം എന്നാലും അബഹ അണക്കെട്ടിന്  അടുത്തുള്ള അബഹ ഫ്‌ളവർ ഷോ ഗാർഡൻ എന്ന പേരുള്ള വാക്കിങ്  സ്ട്രീറ്റ്‌നു  ഇരുവശത്തും പൂത്തുലഞ്ഞു നിൽക്കുന്ന നൂറു കണക്കിനു ജക്രാന്ത മരങ്ങൾ ആണുള്ളത്. ഇതാണ് അബഹയിലെ പ്രധാന ആകർഷണം. വാഹനം പുറത്തു നിറുത്തിയിട്ട് പൂക്കൾ നിറഞ്ഞു നിൽക്കുന്ന നടപ്പാതയിലൂടെ നടക്കുന്ന ഒരുപാട് പേരെ അവിടെ കാണാം. ഇവിടുത്തെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണിപ്പോൾ. 


 നമ്മുടെ നാട്ടിൽ നീല വാഗ എന്നറിയപ്പെടുന്ന ഈ മരങ്ങൾ മൂന്നാറിലും വയനാട്ടിലും ഒക്കെ കാണാൻ കഴിയും. ഏകദേശം ഇതേ സമയം തന്നെയാണ് അവിടെയും ജക്രാന്ത പൂക്കുന്നത്.  യഥാർത്ഥത്തിൽ ജക്രാന്ത ഒരു അമേരിക്കൻ വൃക്ഷമാണ്. പൂത്തുനിൽക്കുന്ന ജക്രാന്ത മരങ്ങളുടെ ഭംഗി കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവ വ്യാപിപ്പിക്കപ്പെട്ടു. പ്രത്യേകിച്ചും  തണുപ്പുള്ള പ്രദേശങ്ങളിൽ ഇവ നന്നായി വളരും. 


ഉറപ്പുള്ള തടിയും ഏകദേശം ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പൂക്കളും ഈ മരങ്ങളുടെ പ്രത്യേകതയാണ്. മാത്രമല്ല മരത്തിലെ പൂക്കളും കായ്കളും പലതരം പക്ഷികളെയും പ്രാണികളെയും ആകർഷിക്കുന്നു.  ഇത് അവിടെ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ വിക്ടോറിയ നഗരത്തിൽ ജക്രാന്ത സിറ്റി എന്ന ഒരു സ്ഥലം തന്നെയുണ്ട്.   അബഹയിലെ വാക്കിങ് സ്ട്രീറ്റ് അറബ് ലോകത്തിലെ ഒരു ജക്രാന്ത സിറ്റി ആയി മാറിയിരിക്കുകയാണ്. 
അബഹ ഡാമിനു അടുത്തുള്ള ഗാർഡനുകളിലും  എയർപോർട്ട് റോഡിലും, അബുകയാൽ പാർക്കിലും മറ്റു  ചെറിയ പാർക്കുകളിലും ഖമീസ് മുശൈത്ത് റോഡിലും ഒക്കെ നിറയെ ജക്രാന്ത മരങ്ങൾ പൂത്തു നിൽക്കുന്നത് കാണാം.   അബഹയിലേക്ക് വരുന്നവർ യാത്ര കൃത്യമായി പ്ലാൻ ചെയ്തിട്ട് വരുക. അതോടൊപ്പം തന്നെ ഒന്നോ രണ്ടോ ദിവസം താമസിച്ചു കൊണ്ട് അബഹ യിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും റിജാൽ ആൽമയും കൂടെ ഉൾപ്പെടുത്തി നല്ല ഒരു ട്രിപ്പ് പ്ലാൻ ചെയ്യാവുന്നതാണ്.  

 

 

 

 

 

 

Latest News