Sorry, you need to enable JavaScript to visit this website.

കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചില്ല.... 

തലശേരി-1987ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. ഇ.കെ നായനാര്‍ മത്സര രംഗത്തുണ്ടായിരുന്നില്ല. തലശേരിയില്‍ നിന്ന് സി.പി.എം ബാനറില്‍ മത്സരിച്ച മമ്മു മാസ്റ്ററായിരുന്നു എം.എല്‍.എ. പിന്നീട് അദ്ദേഹം രാജിവെച്ചാണ് നായനാര്‍ തലശേരി എം.എല്‍.എയായി മുഖ്യമ്ത്രി സ്ഥാനത്ത് തുടര്‍ന്നത്. ആ തെരഞ്ഞെടുപ്പു കാലത്താണ് കെ.ആര്‍.ഗൗരി  കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമെന്ന്  മലയാളികള്‍ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന സമയം.  1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അവതരിപ്പിക്കാതെയാണ് സിപിഎം പോരാട്ടത്തിനിറങ്ങിയത്. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ സാന്നിധ്യമായിരുന്നു അക്കാലത്ത് കെ.ആര്‍.ഗൗരി.
പാര്‍ട്ടിക്കുള്ളിലും പുറത്തും ഗൗരിയമ്മയ്ക്കുണ്ടായിരുന്ന സ്വാധീനം വളരെ വലുതായിരുന്നു. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് അനൗദ്യോഗിക പ്രചാരണം നടന്നു. ഗൗരിയമ്മയിലൂടെ ചരിത്രം പിറക്കുമെന്ന് മലയാളികള്‍ വിശ്വസിച്ചു. കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും എന്ന് മലയാളക്കരയുടെ മുക്കിലും മൂലയിലും മുദ്രാവാക്യം ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതുമുന്നണിയും വന്‍ വിജയം സ്വന്തമാക്കി. എന്നാല്‍, കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇ.കെ.നായനാര്‍ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നാലെ മുഖ്യമന്ത്രിപദത്തിലെത്തി.
ഇഎംഎസ് നമ്പൂതിരിപ്പാട് ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ നായനാരെ ഉപയോഗിച്ച് രാഷ്ട്രീയം കളിച്ചെന്ന് ആരോപണങ്ങളുണ്ട്. തൊട്ടടുത്തെത്തിയ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതില്‍ ഗൗരിയമ്മക്ക് വലിയ ദേഷ്യവും വിഷമവും ഉണ്ടായിരുന്നു. ഗൗരിയമ്മയോട് പാര്‍ട്ടി കാണിച്ചത് ചതിയാണെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിസ്ഥാനം കിട്ടാത്തതില്‍ ക്ഷുഭിതയായി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഗൗരിയമ്മ ഇറങ്ങിപ്പോയി. പിന്നീട് പാര്‍ട്ടി അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായം, എക്‌സൈസ് വകുപ്പുകള്‍ നല്‍കി അംഗമാക്കി. എന്നാല്‍, ദൂരപരിധി കണക്കാക്കി കള്ളുഷാപ്പുകള്‍ നിലനിര്‍ത്തിയതിന്റെ പേരില്‍ സിഐടിയു പിണങ്ങിയതോടെ എക്‌സൈസ് വകുപ്പ് ഗൗരിയമ്മയില്‍നിന്ന് എടുത്ത് ടി.കെ.രാമകൃഷ്ണനു നല്‍കി. ഇതോടെ ഗൗരിയമ്മയും പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് 1964 ലാണ് നടക്കുന്നത്. ഭര്‍ത്താവ് ടി.വി.തോമസ് സിപിഐയിലേക്ക് പോയി. എന്നാല്‍, ഗൗരി കുലുങ്ങിയില്ല. താന്‍ സിപിഎമ്മിനൊപ്പം നില്‍ക്കുകയാണെന്ന് ശക്തമായ നിലപാടെടുത്തു. എന്നാല്‍, പിന്നീട് ഈ ഗൗരിയമ്മയെയാണ് സിപിഐഎം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ പിണക്കങ്ങളും ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമായി. ഗൗരിയമ്മക്ക് സംഘടനാപരമായ അച്ചടക്കമില്ലെന്ന് ഇഎംഎസ് പറഞ്ഞതോടെയാണ് പുറത്താക്കല്‍ നടപടികള്‍ വേഗത്തിലാവുന്നത്. 
 

Latest News