തൃശൂര്‍- സാഹിത്യകാരനും നടനും തിരക്കഥാകൃത്തുമായ മാടമ്പ് കുഞ്ഞുകുട്ടന്‍(81) അന്തരിച്ചു.
തൃശൂര്‍ അശ്വിനി ആശൂപത്രിയില്‍ ഞായറാഴ്ച രാത്രി ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ച മാടമ്പിന് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായതിനാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോയെങ്കിലും ഞായറാഴ്ച വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനിയുണ്ടായിരുന്നതിനാല്‍ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയിലിരിക്കെ ഇന്നു രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം.

മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി 1941 ജൂണ്‍ 23ന് തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം.
അധ്യാപകനായിരുന്നു. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. ഹസീന, ജസീന എന്നിവര്‍ മക്കളാണ്.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്ര, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം, എന്നിവയാണ് പ്രധാന കൃതികള്‍.
ദേശാടനം, ആറാം തമ്പുരാന്‍, അശ്വത്ഥാമാവ്, ചിത്രശലഭം, അഗ്നിസാക്ഷി, കരുണം, കാറ്റുവന്നു വിളിച്ചപ്പോള്‍, അഗ്നിനക്ഷത്രം, വടക്കുംന്നാഥന്‍, പോത്തന്‍വാവ, ആനച്ചന്തം, പൈതൃകം എന്നീ സിനിമകളില്‍ ശ്രദ്ദേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ദേശാടനം, കരുണം, സഫലം, ഗൗരീശങ്കരം, മകള്‍ക്ക് എന്നീ സിനിമകളുടെ തിരക്കഥയെഴുതി.
ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന സിനിമയുടെ തിരക്കഥയ്ക്ക് 2000ല്‍ മാടമ്പിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലചിത്ര പുരസ്‌കാരം ലഭിച്ചു.
2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.






