ന്യൂദല്‍ഹി- കുംഭമേള രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചെത്തിയതോടെ രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. കുംഭമേള ഒരു സൂപ്പര്‍ സ്പ്രെഡിന് കാരണമായേക്കാമെന്ന ഭയം ശരിയായി ഭവിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
തീര്‍ഥാടകരില്‍ ആദ്യഘട്ടത്തില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍പോലും ക്വാറന്റൈനില്‍ പോവുകയോ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പലരും രോഗബാധ ഉള്ളപ്പോള്‍ത്തന്നെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചു. കുംഭമേളയില്‍ പങ്കെടുത്ത് തിരിച്ചുവന്നവരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില സംസ്ഥാനങ്ങള്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിര്‍ദേശിച്ചിരുന്നു.
90 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ കുംഭമേളയില്‍ പങ്കെടുത്തതായി സംഘാടകര്‍ വ്യക്തമാക്കിയിരുന്നു.