Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജറൂസലം സംഘർഷം: ഒ.ഐ.സി അടിയന്തര യോഗം ഇന്ന്

ജിദ്ദ - ജറൂസലമിലെ ശൈഖ് ജറാഹ് ഡിസ്ട്രിക്ടിൽ ഡസൻ കണക്കിന് ഫലസ്തീനി കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കാനുള്ള ഇസ്രായിൽ പദ്ധതി അടക്കം ജറൂസലമിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായിലിന്റെ രൂക്ഷമായ ആക്രമണങ്ങൾ വിശകലനം ചെയ്യുന്നതിന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ ഇന്ന് അടിയന്തര യോഗം ചേരും. ഫലസ്തീൻ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഒ.ഐ.സി സ്ഥിരം പ്രതിനിധികൾ അടിയന്തര യോഗം ചേരുന്നത്. 

ജറൂസലമിന്റെ നിയമപരവും ചരിത്രപരവും ജനസംഖ്യാഘടനാപരവുമായ സ്ഥിതിയിൽ മാറ്റംവരുത്താനും ഫലസ്തീൻ ചുറ്റുപാടുകളിൽ നിന്ന് നഗരത്തെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ, മസ്ജിദുൽ അഖ്‌സ അടക്കം വിശുദ്ധ കേന്ദ്രങ്ങൾക്കെതിരായ ഇസ്രായിലിന്റെ നിരന്തര ആക്രമണങ്ങൾ, അൽഅഖ്‌സ മുറ്റങ്ങളിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർക്കു നേരെയുള്ള ആക്രമണങ്ങൾ, മസ്ജിദുൽ അഖ്‌സയിൽ എത്തുന്നതിൽ നിന്ന് വിശ്വാസികളെ തടയൽ എന്നിവ ഒ.ഐ.സി അടിയന്തര ഉച്ചകോടി വിശകലനം ചെയ്യും. 

ജറൂസലമിലെ ഇസ്രായിൽ ആക്രമണങ്ങളെ കുറിച്ച് വിശകലനം ചെയ്യാൻ അറബ് വിദേശ മന്ത്രിമാരും ഇന്ന് അടിയന്തര യോഗം ചേരും. 

വെർച്വൽ രീതിയിലാണ് മന്ത്രിമാർ യോഗം ചേരുക. ജറൂസലമിലെ ഇസ്രായിൽ ആക്രമണങ്ങൾ, മസ്ജിദുൽ അഖ്‌സ അടക്കം വിശുദ്ധ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ, ഫലസ്തീനികൾക്കെതിരായ മൃഗീയമായ ആക്രമണങ്ങൾ, ശൈഖ് ജറാഹ് ഡിസ്ട്രിക്ടിൽ നിന്ന് ഫലസ്തീനികളെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കൽ എന്നിവയെ കുറിച്ച് വിശകലനം ചെയ്യുന്നതിന് ഫലസ്തീൻ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അറബ് ലീഗ് വിദേശ മന്ത്രിമാർ യോഗം ചേരുന്നത്. 

 

Latest News