മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന് അഴിമതിക്കേസില്‍ ആശ്വാസം

മുംബൈ- ആദര്‍ശ് ഫഌറ്റ് അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യുന്നത് ബോംബെ ഹൈക്കോടതി തടഞ്ഞു. അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന്റെ നടപടിയാണ് കോടതി തടഞ്ഞത്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ചവാന്‍ നല്‍കിയ ഹരജിയിലാണ് ജഡ്ജിമാരായ രഞ്ജിത് മോര്‍, സാധന ജാദവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
സിബിഐക്ക് പുതുതായി ഒരു തെളിവും ചവാനെതിരെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ ഹാജരാക്കിയവ പുതിയ തെളിവുകളാണെന്നു കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഹൈക്കോടതി വിധി നിലവില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായ ചവാന് ഏറെ ആശ്വാസം നല്‍കുന്നതാണ്.
ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണു അശോക് ചവാന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നത്.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ വിധവകള്‍ക്കു വേണ്ടി നിര്‍മിച്ച ആദര്‍ശ് പാര്‍പ്പിട സമുച്ചയത്തിലെ രണ്ടു ഫ്‌ളാറ്റുകള്‍ ബന്ധുക്കള്‍ക്കു ലഭിക്കാനായി ക്രമക്കേടുകള്‍ നടത്തിയെന്നാണ് ചവാനെതിരെ ഉയര്‍ന്ന ആരോപണം.

 

Latest News