ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ മാർക്ക് നേടിയിരുന്ന ഞാൻ പത്താം ക്ലാസ് പൊതുപരീക്ഷയിൽ പരാജയപ്പെട്ടപ്പോൾ ട്യൂഷൻ സെന്ററിലെ സുകുമാരൻ സാർ ചോദിച്ചു. ' എന്താ കുട്ടീ പറ്റിയത്? നിന്നെയൊക്കെ ഞങ്ങൾ ഡിസ്റ്റിംഗ്ഷൻ വിഭാഗത്തിലായിരുന്നു പെടുത്തിയിരുന്നത്.
സാറിനോട് പരാജയത്തെക്കുറിച്ച് പഠിക്കട്ടെ എന്നിട്ട് മറുപടി തരാം എന്നൊന്നും പറയാനുള്ള ബുദ്ധിയും ചങ്കൂറ്റമൊന്നും അന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും ഒരോ പാഠവും പഠിച്ച് പരീക്ഷ എഴുതുന്ന അത്ര എളുപ്പമല്ലല്ലോ മൊത്തം പാഠപുസ്തകങ്ങളും പഠിച്ച് പരീക്ഷ എഴുതുക എന്നത്. അതിന് നല്ല പോലെ ഗൃഹപാഠം ചെയ്യണം. ഉറക്കമൊഴിച്ച് അധ്വാനിച്ച് പഠിക്കണം . എന്നാൽ നൂറിൽ നൂറോ തെണ്ണൂറ്റി ഒമ്പതോ ഒക്കെ കിട്ടും.
പറഞ്ഞു വരുന്നത് പിണറായി സർക്കാരിന്റെ രണ്ടാമൂഴത്തെ കുറിച്ചും പ്രതിപക്ഷത്തിന്റെ പരാജയത്തെക്കുറിച്ചുമാണ്.
ഒരു പഞ്ചായത്ത് വാർഡിൽ ജയിക്കുന്ന അത്ര എളുപ്പമല്ല ഒരു നിയമസഭ മണ്ഡലത്തിലെ വാർഡിൽ ജയിക്കുക എന്നത്. അതിന് നല്ല കഠിനാധ്വാനം ചെയ്യണം. ആര് നല്ല പോലെ ഹാർഡ് വർക്ക് ചെയ്യുന്നോ അവർ തന്നെയാകും വിജയിക്കുക. അല്ലാത്തവർ എഴുതിയ ഉത്തരമെല്ലാം ശരിയാണെന്ന ധാരണയിൽ ഫലം കാത്തിരിക്കുന്ന കുട്ടി റിസൽട്ട് വരുമ്പോൾ പരാജയപ്പെട്ട അവസ്ഥയിലാകും. പരമ്പരാഗത വോട്ടുകളിൽ വിശ്വാസമർപ്പിച്ച്, ഞാനെല്ലാം പഠിച്ചിട്ടുണ്ട് എന്ന ധാരണയിൽ പരീക്ഷയുടെ തലേന്ന് വരെ കളിച്ച് നടന്ന് ചോദ്യപേപ്പർ കൈയിൽ കിട്ടുമ്പോൾ കണ്ണ് മിഴിക്കുന്ന കുട്ടിയെപ്പോലെയായി പ്രതിപക്ഷം എന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ എല്ലാവരും കാണുകയും ചെയ്തു.
ജയിക്കുന്നവരെ ആശീർവദിക്കുകയും തോൽക്കുന്നവരെ കളിയാക്കുകയും ചെയ്യുക എന്നത് മനുഷ്യ സഹജമാണ്. അത്തരമൊരവസ്ഥയാണ് യു ഡി എഫ് മുന്നണി അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. എക്സിറ്റ് പോൾ ഫലം പുറത്തു വന്നപ്പോഴും യു.ഡി.എഫ് മുന്നണിയിലെ അണികൾക്ക് ശുഭപ്രതീക്ഷ നൽകാൻ മത്സരിക്കുകയായിരുന്നു നേതാക്കൾ. എന്നാൽ യഥാർത്ഥ ഫലവും എക്്സിറ്റ് പോൾ ഫലവും തമ്മിൽ വലിയ വ്യത്യാസമൊന്നും ഉണ്ടാവാതെ വന്നപ്പോൾ അത് അണികളേയും നേതാക്കളേയും ഒരുപോലെ ഞെട്ടിച്ചു. തോൽവിയെക്കുറിച്ച് പഠിക്കുമെന്ന പതിവ് പല്ലവിയും ഏതാണ്ടെല്ലാ നേതാക്കളും പറയുകയും ചെയ്തു. യു.ഡി.എഫ് മുന്നണിക്കുള്ളിലെ ഘടക കക്ഷികൾ പരസ്പരം കുറ്റപ്പെടുത്താനും തുടങ്ങി. അപ്പോഴും വോട്ടർമാരുടെ മനസ്സ് കാണാൻ കഴിയാതെ പോയതിനെ കുറിച്ച് ആരും പറഞ്ഞു കേട്ടില്ല. ആധുനിക വാർത്താവിനിമയ സംവിധാനമായ സോഷ്യൽ മീഡിയയെ ബുദ്ധിപരമായി ഉപയോഗിച്ചതിന്റെ നേട്ടമാണ് ഇടതുമുന്നണിക്ക് ഉണ്ടായത് എന്ന് കൂടി കാണാൻ കഴിയും.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എം. എൽ. എയും എം പിമാരും ആയവർ ബി. ജെ. പി വെച്ചു നീട്ടുന്ന പണക്കിഴിക്കും സ്ഥാനമാനങ്ങൾക്കും മുന്നിൽ കമിഴ്ന്നടിച്ചു വീഴുന്ന കാഴ്ച നിരവധി കണ്ടതാണ്. വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാർക്ക് ഇതിൽ അമർഷമുണ്ട് എന്നതും സത്യമാണ്. ഈ പ്രവൃത്തിയെ പരിഹസിച്ചുകൊണ്ട് ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി ജെ പിയാണ് എന്ന പ്രചാരണം സി പി എം കേരളത്തിൽ അഴിച്ചുവിട്ടപ്പോൾ അത് ജനമനസ്സിൽ നല്ലപോലെ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് കാണാനാവും.
തുടർഭരണം ഒരിക്കലും ഉണ്ടാവാൻ സാധ്യതയില്ല എന്നുറപ്പിച്ച രീതിയിലുള്ള അഴിമതി ആരോപണങ്ങൾ ആണ് പ്രതിപക്ഷം ഉയർത്തിയത്. എല്ലാം സത്യവുമായിരുന്നു. എന്നാൽ അതൊന്നും വേണ്ട രീതിയിൽ വോട്ടർമാരുടെ മനസ്സിലേക്ക് എത്തിക്കാൻ കഴിയാതെ പോയി. സർക്കാർ കട്ടുമുടിച്ചോട്ടെ ഞങ്ങളുടെ പട്ടിണി മാറ്റാനുള്ളതെല്ലാം അവർ തരുന്നുണ്ടല്ലോ എന്ന ചിന്തയിലേക്ക് സാധാരണക്കാരുടെ മനസ്സിനെ മാറ്റിയെടുക്കാൻ ഇടതുമുന്നണിയുടെ സോഷ്യൽ മീഡിയ പ്രവർത്തനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. എണ്ണയിട്ട യന്ത്രം പോലെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ സൈബർ ഇടങ്ങളിൽ അണികൾ സജ്ജരാണ് എന്നുള്ളതുകൊണ്ടാണ് ഒരു വേള അവരെ പ്രശംസിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രസംഗിച്ചത്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിയും കെ.എൻ.എ. ഖാദറിന്റെ ഗുരുവായൂർ പ്രസംഗവുമെല്ലാം ഇടതുമുന്നണി ആഘോഷിച്ചപ്പോൾ ലീഗിന്റെ അണികളിൽ പോലും അഭിപ്രായ വ്യത്യാസത്തിന് ഇട വന്നിട്ടുണ്ട്. അനുഭാവികളും നിഷ്പക്ഷരുമായ വോട്ടർമാരുടെ കാര്യം പിന്നെ പറയാതിരിക്കുന്നതല്ലേ ഭേദം.
കാലത്തിനൊത്ത് മാറിച്ചിന്തിക്കാനും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിൽ പ്രാഗൽഭ്യം ഇല്ലാതെ പോയതും യു.ഡി.എഫിന്റെ പരാജയത്തിന് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് സംവിധാനത്തിൽ പരാജയവും വിജയവും മാറി മാറിയുന്ന സംഗതിയാണ്. തെറ്റുകൾ മനസ്സിലാക്കി, ജനമനസ്സുകളിൽ ഇടം നേടാനുള്ള തന്ത്രം പഠിച്ച് വരുന്ന തെരഞ്ഞെടുപ്പുകളിൽ വിജയ വഴിയിലേക്ക് തിരിച്ചുവരാനുള്ള തീരുമാനമെടുക്കാനാണ് യു ഡി എഫ് ഇനി ശ്രമിക്കേണ്ടത്. കാരണം പരാജയപ്പെട്ടെങ്കിലും ജനമനസ്സുകളിൽ മുന്നണിയുടെ സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല എന്ന് വോട്ടിംഗ് ശതമാനക്കണക്കുകൾ പറയുന്നുണ്ട്.






