കേരളത്തിലെ പോലീസുകാര്‍ക്ക്  കൂട്ടത്തോടെ കോവിഡ്; 1280 പേര്‍ ചികിത്സയില്‍

തിരുവനന്തപുരം-  സംസ്ഥാനത്ത് പോലീസുകാര്‍ക്കിടയില്‍ കൂട്ടത്തോടെ കോവിഡ് പടരുന്നു. നിലവില്‍ 1280 പേരാണ് രോഗ ബാധിതരായി ചികിത്സയിലുളളത്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പോലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ പോലീസുകാര്‍ക്ക് ഷിഫ്റ്റ് സംവിധാനത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചു. പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുമുണ്ട്. നിരത്തുകളിലിറങ്ങി കൊവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവര്‍ സ്‌റ്റേഷനില്‍ വരേണ്ടന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രവര്‍ത്തി ദിവസമായതിനാല്‍ നിരത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന ആശങ്ക പോലീസിനുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അവശ്യ സര്‍വീസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന യാത്രകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. വീട്ടുജോലിക്കാര്‍, ഹോം നഴ്‌സ് തുടങ്ങിയവര്‍ക്കായി തൊഴിലുടമ ഇ-പാസിന് അപേക്ഷിക്കണം.


 

Latest News