മോസ്‌കോ- ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള പിന്തുണ റഷ്യയും തുര്‍ക്കിയും ആവര്‍ത്തിച്ചു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഫലസ്തീന്‍ രാഷ്ട്ര സ്ഥാപനത്തിന് പൂര്‍ണ പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്ന് ക്രെംലിന്‍ വെളിപ്പെടുത്തി. ജറൂസലം ഇസ്രായില്‍ തലസ്ഥാനമായി അംഗികരിച്ച അമേരിക്കന്‍ തീരുമാനത്തെ യു.എന്‍ പൊതുസഭ നിരാകരിച്ചതിനു പിന്നാലെയാണ് ഇവരും ഫോണ്‍ ചെയ്തത്.
ജറൂസലം പദവി സംബന്ധിച്ച പ്രമേയം യു.എന്‍ പൊതുസഭ അംഗീകരിച്ച പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയുടെ നിലവിലെ സ്ഥിതിഗതികളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് ക്രെംലിന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീനികളുടെ അവകാശം മാനിച്ചുകൊണ്ട് അന്താരാഷ്ട്ര ചട്ടങ്ങള്‍ക്കനുസൃതമായി ഫലസ്തീന്‍-ഇസ്രായില്‍ സംഘര്‍ഷം പരിഹരിക്കാനുള്ള സമാധാന നീക്കങ്ങളെ പിന്തുണക്കുമെന്ന് ഇരുവരും ആവര്‍ത്തിച്ചു.
ജറൂുസലമിനെ ഇസ്രായില്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ ഈ മാസം ആറിനാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചത്. ഫലസ്തീനികള്‍ ഭാവി തലസ്ഥാനമായി നിശ്ചയിച്ചിരിക്കുന്ന ജറൂസലം വിട്ടുകൊടുക്കില്ലെന്ന ഇസ്രായില്‍ നിലപാട് അംഗീകരിച്ചതോടെ അമേരിക്കയുടെ മാധ്യസ്ഥ്യം വഹിക്കാനുള്ള അര്‍ഹതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ട്രംപിന്റെ തീരുമാനം അറബ്, മുസ്്‌ലിം ലോകത്ത് വന്‍ പ്രതിഷേധത്തിനാണ് കാരണമായത്.
വ്യാഴാഴ്ച യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്കാണ് യു.എസ് നിലപാട് നിരാകരിച്ചത്. 35 അംഗ രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടുനിന്നിരുന്നു. യു.എന്‍ പ്രമേയം അമേരിക്കന്‍ നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് യു.എന്നിലെ യു.എസ് പ്രതിനിധി നിക്കി ഹാലി വ്യക്തമാക്കിയത്.