തിരുവനന്തപുരം- പതിനെട്ടിനും 45 വയസിനും ഇടയിലുള്ളവർക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനുള്ള കേരള സർക്കാറിന്റെ മറുപടിയാണ് ഇന്ന് കേരളത്തിലെത്തിയ മൂന്നരലക്ഷം ഡോസ് കോവിഡ് വാക്‌സിൻ. ഈ വിഭാഗത്തിലുള്ളവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന കേരളത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വാക്‌സിൻ വാങ്ങിയത്. ഒരു കോടി വാക്‌സിനാണ് കേരളം വാങ്ങുക. കൂടുതൽ ഡോസ് വാക്‌സിനുകൾ ഉടൻ കേരളത്തിലെത്തും.
18-45 വയസിന് ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി വാക്‌സിൻ നൽകില്ലെന്ന് നേരത്തെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങൾ എതിർപ്പ് ഉയർത്തിയെങ്കിലും കേന്ദ്രം വഴങ്ങിയിട്ടില്ല. പല സംസ്ഥാനങ്ങളിലും വാക്‌സിൻ ലഭിക്കാതെ പ്രയാസപ്പെടുമ്പോഴാണ് മൂന്നരലക്ഷം ഡോസ് കോവിഡ് വാക്‌സിൻ കേരളത്തിൽ എത്തിയത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ എത്തുന്നതോടെ കേരളത്തിൽ വാക്‌സിനേഷൻ കൂടുതൽ സജീവമാകും.