രേഖകള്‍ കാണിച്ചിട്ടും ദയയില്ല; പോലീസ് ഉദ്യോഗസ്ഥനെതിരെ വയോധികന്‍ മുഖ്യമന്ത്രിക്കു പരാതി അയച്ചു

പോലീസ് പരിശോധന (ഫയല്‍ ചിത്രം)

കല്‍പറ്റ-പോലീസ് ഉദ്യോഗസ്ഥന്റെ മര്യാദരഹിതമായ പെരുമാറ്റത്തിനെതിരേ രോഗിയായ വയോധികന്‍ മുഖ്യമന്ത്രിക്കു പരാതി അയച്ചു. മാനന്തവാടി ആറാട്ടുതറ മടത്തുംകുറ്റിയില്‍ വിജയനാണ് മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരേ പരാതി നല്‍കിയത്. വൃക്കരോഗിയായ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിനു മാനന്തവാടി ഡിവൈ.എസ്.പി ഓഫീസിലേക്കു പോകുമ്പോള്‍ എസ്.എച്ച്.ഒ ധിക്കാരത്തോടെ പെരുമാറുകയും അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം എഴുതി തയാറാക്കിയ സത്യവാങ്മൂലവും മകന്റെ അസുഖം സംബന്ധിച്ച ചികിത്സാരേഖകളും കാണിച്ചിട്ടും ഉദ്യോഗസ്ഥന്‍ നിര്‍ദയം പെരുമാറിയെന്നു പരാതിയില്‍ വിശദീകരിക്കുന്നു.
70കാരനായ വിജയന്‍ വാര്‍ധക്യജന്യരോഗങ്ങള്‍ക്കു  സ്ഥിരമായി മരുന്നുകഴിച്ചുവരികയാണ്. വൃക്കരോഗിയായ മകനു 34 വയസുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സ. ആഴ്ചയില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീരുമാനിച്ചതാണ്. മാതാവാണ് മകനു വൃക്ക ദാനം ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കേണ്ടതുണ്ട്. മാനന്തവാടി ഡിവൈ.എസ്.പി ഓഫീസില്‍നിന്നു ലഭിക്കേണ്ടതാണ് സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന്. അപക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ മെയ് നാലിനു ഹാജരാകാന്‍ ഡിവൈ.എസ്.പി ഓഫീസില്‍നിന്നു അറിയിപ്പു ലഭിച്ചു. ഇതനുസരിച്ചു വീട്ടില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഓഫീസിലേക്കു യാത്ര ചെയ്യുമ്പോള്‍ മൈസൂരു  റോഡില്‍ ഫോറസ്റ്റ് ഓഫീസിന് സമീപമാണ് മറ്റു പോലീസ് ഉദ്യോഗസ്ഥരും പൊതുജനവും നോക്കി നില്‍ക്കേ ദുരനുഭവം ഉണ്ടായത്. ഉദ്യോഗസ്ഥനെതിരേ  നടപടി സ്വീകരിക്കണമെന്നും ഇത്തരം അനുഭവം മറ്റാര്‍ക്കും ഉണ്ടാകില്ലെന്നു ഉറപ്പുവരുത്തണെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Latest News