Sorry, you need to enable JavaScript to visit this website.

ബെന്യാമിൻ നേരിടുന്ന വെല്ലുവിളി

'ആടുജീവിതം' എന്ന നോവൽ വിമർശനമേറ്റ് പുളയുമ്പോൾ,11 കൊല്ലം മുമ്പ് സൗദി അറേബ്യയിലെ 'മലയാളം ന്യൂസ്' പത്രത്തിൽ ഞാനെഴുതിയ ലേഖനം പല കൂട്ടുകാരും ഓർത്തു..

അന്ന് 'ആടുജീവിതം' കത്തിക്കയറുന്നതേയുള്ളു. ഇന്ന് 160 പതിപ്പുകൾ വന്നു കഴിഞ്ഞ ആ പുസ്തകം മലയാളത്തിലെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. ഒട്ടേറെ അവാർഡുകൾ, എട്ട് ഭാഷകളിൽ പരിഭാഷ, സ്കൂൾ-കോളേജ് തലങ്ങളിൽ പാഠപുസ്തകം, പുറത്തിറങ്ങാൻ പോകുന്ന ചലച്ചിത്രഭാഷ്യം.. അങ്ങനെ ഒരു പുസ്തകത്തിന് ലഭിക്കാവുന്ന എല്ലാ അംഗീകാരങ്ങളും 'ആടുജീവിതം' നേടിക്കഴിഞ്ഞു..

മരുഭൂമധ്യത്തിൽ ആശയറ്റുപോയ ഒരു മനുഷ്യന്റെ ജൈവീക പ്രതിസന്ധിയാണ് പുസ്തകത്തിന്റെ ആശയതലം. പ്രവാസി അനുഭവിക്കുന്ന യാതനയുടെ നേർസാക്ഷ്യമാണ് കഥാതന്തു. കഥയല്ല, ജീവിതമാണ് എന്ന മുഖവുരയാണ് വിപണനത്തിന്റെ പരസ്യവാക്യം. ഭാഷയുടെ തീക്ഷ്ണത കൂടിയായപ്പോൾ വായിക്കപ്പെട്ടത് സ്വാഭാവികം..

എന്നാൽ 13 കൊല്ലത്തെ ജൈത്രയാത്രയിൽ ഈ പുസ്തകത്തിനു നേരെ വന്ന ഒട്ടേറെ വിമർശനങ്ങളെ മലയാളം ഗൗനിച്ചില്ല. കേട്ടെഴുത്ത് മൗലിക രചനയാണോ എന്ന സാങ്കേതികമായ ചോദ്യം അവഗണിക്കപ്പെട്ടു. പ്രകൃതിവായനയിൽ മരുഭൂമി ഭീകരനാണോ മോഹിനിയാണോ എന്ന സന്ദേഹവും തിരസ്ക്കരിക്കപ്പെട്ടു. മരുഭൂമിയുടെ മക്കളായ അറബ് ജനതയുടെ ജീവിതത്തെക്കുറിച്ച് ആ പുസ്തകം പരത്തിയ അബദ്ധങ്ങൾ സത്യമെന്ന് ധരിയ്ക്കപ്പെട്ടു. കാട്ടറബിയുടെ ക്രൂരകൃത്യങ്ങൾ ഒരു സംസ്കാരത്തിന്റെ പൊതുചിത്രമായി ജനമനസ്സിൽ സ്ഥാപിയ്ക്കപ്പെട്ടു. ഇസ്ലാമോഫോബിയ ലോക രാഷ്ട്രീയത്തിൽ വിറ്റഴിക്കപ്പെട്ട കാലത്ത് ഈ പുസ്തകവും നന്നായി മാർക്കറ്റ് ചെയ്യപ്പെട്ടു. എന്നിട്ടും ഏറ്റവും കൂടുതൽ മലയാളികൾ ഉപജീവനം നടത്തുന്ന സൗദി അറേബ്യ, യുഎഇ എന്നീ അറബ് രാജ്യങ്ങളിൽ ഈ പുസ്തകം എന്തുകൊണ്ട് നിരോധിക്കപ്പെട്ടു എന്നുപോലും ആരും അന്വേഷിച്ചില്ല..

അറബികളുടെ ഔദാര്യത്തിൽ ജീവിതം വെട്ടിപ്പിടിച്ച മലയാളികൾക്ക് വ്യാജവാക്കുകൾ തീർത്ത അന്ധാളിപ്പിൽ സുബോധം നഷ്ടപ്പെട്ടു. തൊഴിലാളിയുടെ മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളിക്കുകയും മുടിവലിച്ച് പിഴുതുകളയുകയും നെഞ്ചത്ത് തൊഴിക്കുകയും കാടിവെള്ളത്തിൽ തല പിടിച്ച് മുക്കുകയും ഒക്കെ ചെയ്യുന്ന ഹിംസ്രജീവിയാണ് അറബിയെന്ന് മലയാളി സമ്മതിച്ചു കൊടുത്തു. മനുഷ്യന്റെ ആസനത്തിൽ കമ്പു കുത്തിക്കയറ്റുന്ന കാട്ടറബി ബെന്യാമിന്റെ മാത്രം സൃഷ്ടിയാണെന്ന് ഒരിക്കൽ പോലും നമ്മൾ ഓർത്തില്ല..

എന്നാൽ ബെന്യാമിൻ തന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നത്. 'ആടുജീവിത'ത്തിലെ ഒട്ടേറെ ഭാഗങ്ങൾ മുഹമ്മദ് അസദിന്റെ 'ദ റോഡ് റ്റു മെക്ക' എന്ന വിഖ്യാത ഗ്രന്ഥത്തിൽ നിന്നുള്ള നേർ പകർപ്പാണ് എന്ന കണ്ടെത്തലാണത്. ബഹ്റൈൻ പ്രവാസിയും ബെന്യാമിന്റ സുഹൃത്തുമായ ശംസ് ബാലുശ്ശേരിയാണ് ഈ വെല്ലുവിളിയുമായി രംഗത്തെത്തിയത്. സുഹൃത്ത് നേരിട്ട് ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് ബെന്യാമിൻ തന്ത്രപൂർവം ഒഴിഞ്ഞു മാറിയപ്പോഴാണ്, അക്കമിട്ട് തെളിവുകൾ നിരത്തി ബെന്യാമിന്റെ സാഹിത്യ മോഷണം സമൂഹമാധ്യമങ്ങളിലൂടെ ശംസ് വെളിപ്പെടുത്തിയത്..

ശംസിന്റെ കണ്ടെത്തലുകൾ വൈറലായപ്പോൾ ബെന്യാമിനെ പ്രതിരോധിക്കാനായി പലരും കക്ഷിരാഷ്ട്രീയം പ്രയോഗിച്ചു നോക്കി. ഇടതുപക്ഷക്കാരനായ ബെന്യാമിനെ അപമാനിക്കാൻ സംഘപരിവാർ പടച്ചുവിട്ട ആരോപണമാണത്രെ! സജീവ സിപിഎം പ്രവർത്തകനും ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിയുടെ ഫെയ്സ് ബുക്ക് അഡ്മിനുമായ ശംസ് ബാലുശ്ശേരി ഇത് കേട്ട് ചിരിക്കുകയല്ലാതെ എന്ത് ചെയ്യും!

മലയാളിയോട് മറുപടി പറയാതെ ബെന്യാമിൻ എത്രകാലം കീർത്തിയിലും ലോബിയിലും ഒളിച്ചിരിയ്ക്കും? ഒന്നുകിൽ മോഷ്ടിച്ചത് ഏറ്റുപറഞ്ഞ് ഇനിയുള്ള പതിപ്പുകളിൽ അത് സൂചിപ്പിക്കുക; അല്ലെങ്കിൽ മലയാളികളാകെ അറിഞ്ഞു കഴിഞ്ഞ ആരോപണം നിഷേധിച്ച്, രചനാസാമ്യം യാദൃച്ഛികമാണെന്ന് വിശദീകരിക്കുക - രണ്ടുമല്ലാത്ത ഈ കള്ളമൗനം ആ എഴുത്തുകാരനെ എന്തുമാത്രം അപഹാസ്യനാക്കിയിരിക്കുന്നു!!

ബെന്യാമിനോടൊപ്പം മറ്റു ചിലർ കൂടി ഈ കളവുകേസിൽ വിചാരണ നേരിടേണ്ടി വരും. മുഹമ്മദ് അസദിന്റെ പുസ്തകം 'മക്കയിലേക്കുള്ള പാത' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഡോ: എം എൻ കാരശ്ശേരിയാണ് ഒരാൾ. അക്കാദമി അവാർഡ് നേടിയിട്ടും യൂണിവേഴ്സിറ്റി പാഠപുസ്തകമായിട്ടും ഈ വിഖ്യാത പുസ്തകം കാരശ്ശേരി വായിച്ചില്ലെന്നാണോ? വായിച്ചുവെങ്കിൽ താൻ പരിഭാഷപ്പെടുത്തിയ പുസ്തകത്തിലെ ദീർഘമായ പകർപ്പുകൾ അദ്ദേഹം തിരിച്ചറിഞ്ഞില്ലെന്നാണോ? അതോ അറിഞ്ഞിട്ടും പ്രശസ്തനായ എഴുത്തുകാരന്റെ മോഷണം അദ്ദേഹം മൂടിവച്ചുവോ? എന്തായാലും കാരശ്ശേരിയെപ്പോലെ ഒരു സാമൂഹ്യ വിമർശകൻ ഈ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് മാന്യതയാവില്ല..

ആടുജീവിതം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത ജോസഫ് കോയിപ്പള്ളിക്കും അസദിന്റെ ഇംഗ്ലീഷ് ഗ്രന്ഥം പരിശോധിച്ച് സത്യം ലോകത്തോട് പറയാൻ ബാധ്യതയുണ്ട്. പ്രസാധകകർക്കും ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല..

കാരശ്ശേരിയുടെ പരിഭാഷ പ്രസിദ്ധീകരിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധന സംരംഭമായ ഐപിഎച്ച് ആണ്. 'ആടുജീവിത'ത്തിലെ അസദിന്റെ പങ്ക് തിരിച്ചറിയാൻ അതിന്റെ പ്രസാധകർ 13 വർഷമെടുത്തത് അവർക്കും ഭൂഷണമല്ല. എന്തായാലും ഇപ്പോൾ ഈ കുറ്റകൃത്യം വെളിച്ചത്തു കൊണ്ടുവരാൻ അവരുടെ സഹോദര സ്ഥാപനമായ 'മീഡിയാ വൺ' നന്നായി സഹായിച്ചുവെന്ന് പറയാതെ വയ്യ!

ആവിഷ്ക്കാരത്തിന്റെ ആത്മാവ് വിപണന മൂല്യമല്ല, ധൈഷണിക സത്യസന്ധതയാണെന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാർക്ക് എന്നാണ് ബോധ്യപ്പെടുക?

Latest News