വിവാഹ സല്‍ക്കാരം പിടിവിട്ടു; കോവിഡ് ബാധിച്ച നവവരന്‍ മരിച്ചു

കൊല്ലം - താലികെട്ട് ലളിതമായിരുന്നെങ്കിലും വിവാഹ സല്‍ക്കാരം കോവിഡ് മാനദണ്ഡങ്ങളുടെ പരിധി ലംഘിച്ചതോടെ കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ നവവരന് അകാലവിയോഗം. തൊടിയൂര്‍ തെങ്ങുംതറയില്‍ പരേതനായ തുളസീധരന്റെയും മണിയുടെയും മകന്‍ സായികുമാറാണ് (ചന്തു-28) മരിച്ചത്. അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്തിരുന്ന സായികുമാറിന്റെ വിവാഹം ഏപ്രില്‍ അഞ്ചിനായിരുന്നു. കോളജ് പഠന കാലത്തുണ്ടായ പ്രണയം ഒടുവില്‍ വിവാഹത്തില്‍ എത്തുകയായിരുന്നു. പുനലൂര്‍ പ്ലാത്തറയില്‍ പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ഗുരുമന്ദിരത്തില്‍ വെച്ചായിരുന്നു കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം നടത്തിയത്. തുടര്‍ന്ന് വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ വിവാഹശേഷം നടത്തിയ സല്‍ക്കാരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതുമില്ല. വിവാഹത്തിന്റെ അടുത്തദിവസം തന്നെ കോവിഡ് ലക്ഷണങ്ങളോടെ സായികുമാറിന്റെ സഹോദരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ ലക്ഷണങ്ങള്‍ പ്രകടമായതോടെ സായികുമാറും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു. ചികിത്സയ്ക്കിടെ ന്യുമോണിയ ബാധിച്ച് ആരോഗ്യസ്ഥിതി ഗുരുതരമായി മരിക്കുകയായിരുന്നു. ഇതിനിടെ സായികുമാറിന്റെ ഭാര്യയും അമ്മയും ബന്ധുക്കളും അടക്കം വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത പത്തോളം പേര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചാണ് വിവാഹ സല്‍ക്കാരം നടത്തിയതെന്ന് കണ്ടെത്തി. വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ സമൂഹവ്യാപനമാണ് രോഗികള്‍ കൂടാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. മാര്‍ച്ച് 24 ന് നാട്ടിലെത്തിയ സായികുമാര്‍ ഏഴു ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞെങ്കിലും ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും പറയുന്നു.

 

Latest News