Sorry, you need to enable JavaScript to visit this website.

രഹസ്യബന്ധം ആരോപിച്ച് മുടിമുറിച്ചു, നഗ്‌നയാക്കി നടത്തിച്ചു; ക്രൂരതയ്ക്കിരയായ യുവതി ജീവനൊടുക്കി

അഗര്‍ത്തല- ത്രിപുരയില്‍ രഹസ്യബന്ധം ആരോപിച്ച് നാട്ടുകാര്‍ മുടിമുറിക്കുകയും നഗ്‌നയാക്കി നടത്തുകയും ചെയ്ത യുവതി ജീവനൊടുക്കി. ദക്ഷിണ ത്രിപുരയിലെ ബേട്ടാഗ ഗ്രാമത്തിലെ 23 വയസ്സുകാരിയാണ് ജീവനൊടുക്കിയത്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ നാല് സ്ത്രീകളടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ തെളിവുകള്‍ ശേഖരിച്ചതായും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും സൗത്ത് ത്രിപുര എസ്.പി. ഡോ.കുല്‍വാന്ത് സിങ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍പേര്‍ പിടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി വിഷം കഴിച്ച് ജീവനൊടുക്കിയത്. മറ്റൊരു യുവാവുമായുള്ള രഹസ്യബന്ധത്തെച്ചൊല്ലി യുവതിയെ പരസ്യമായി അപമാനിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ പരാതി.
യുവതിയുടെ രഹസ്യബന്ധം ഗ്രാമത്തിലെ നാട്ടുകൂട്ടത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ യുവതിയുടെ രഹസ്യവീഡിയോ ഗ്രാമത്തിലെ ചന്തയില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഇതിനുപിന്നാലെ നാട്ടുകാര്‍ സംഘടിച്ച് യുവതിയുടെ വീട്ടിലെത്തി. തുടര്‍ന്ന് യുവതിയെ ചെരിപ്പുമാല അണിയിക്കുകയും മുടി മുറിക്കുകയും ചെയ്തു. ശേഷം ശരീരത്തില്‍ കയര്‍ കെട്ടി നഗ്‌നയായി ഗ്രാമത്തിലൂടെ നടത്തിച്ചു. രഹസ്യബന്ധത്തിന്റെ പേരിലാണ് നാട്ടുകാര്‍ ഇത്തരത്തില്‍ ക്രൂരമായി ശിക്ഷിച്ചത്. തുടര്‍ന്ന് വീട്ടില്‍ തിരികെയെത്തിയ യുവതി വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ചില അയല്‍ക്കാര്‍ക്കെതിരേ യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെയാണ് നാട്ടുകാരുടെ ക്രൂരതയും ആത്മഹത്യയും പുറംലോകമറിയുന്നത്. ഇത് മാധ്യമങ്ങളിലും വാര്‍ത്തയായി. തുടര്‍ന്നാണ് ഹൈക്കോടതിയും ഇടപെട്ടത്.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ചീഫ് സെക്രട്ടറി, ഡി.ജി.പി, എസ്.പി. എസ്.ഡി.പി.ഒ. തുടങ്ങിയവര്‍ക്ക് നോട്ടീസ് അയച്ചു. എത്രയുംവേഗം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.  ഈ കക്ഷികള്‍ കോടതിയില്‍ മറുപടി നല്‍കണമെന്നും വാര്‍ത്തകള്‍ മാത്രം അടിസ്ഥാനമാക്കി കോടതിക്ക് നടപടിക്ക് സ്വീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്തത് സത്യമാണെങ്കില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണിതെന്നും കോടതി പറഞ്ഞു. വാര്‍ത്തകളില്‍ പ്രതിപാദിക്കുന്ന വീഡിയോകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

വിശുദ്ധ ദിനരാത്രങ്ങളില്‍ പ്രാർഥിക്കാന്‍ അഭ്യർഥിച്ച് റെയ്ഹാന; സന്ദേശം കേള്‍ക്കാം

Latest News