ഹിമന്ത ബിശ്വ ശര്‍മ പുതിയ അസം മുഖ്യമന്ത്രി

ഗുവാഹത്തി- അസമില്‍ ഭരണത്തുടര്‍ച്ച ലഭിച്ച ബിജെപി സര്‍ക്കാരിനെ ഹിമന്ത ബിശ്വ ശര്‍മ നയിക്കും. മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനു പകരം പുതിയ മുഖ്യമന്ത്രി വൈകാതെ സത്യപ്രതിജ്ഞ ചെയ്യും. ഹിമന്തയെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. 2014ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ദ വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

അസമില്‍ ആരാകും മുഖ്യമന്ത്രി എന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ബിജെപി ദേശീയ നേതൃത്വം ഹിമന്തയേയും സോനോവാളിനേയും ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവര്‍ ഇരുവരുമായും വെവ്വേറെ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇതിനു ശേഷമുണ്ടായ സമവായത്തിലാണ് സോനോവാളിനു പകരം ഹിമന്തയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുഖ്യമന്ത്രി പദം ഒഴിയുന്ന സോനോവാളിനു കേന്ദ്ര മന്ത്രിസഭയില്‍ ഇടം നല്‍കിയേക്കും. 


 

Latest News