VIDEO വെറും വയറ്റില്‍ ഗോമൂത്ര പാനം, കോവിഡ് പ്രതിരോധിക്കാന്‍ ബിജെപി എംഎല്‍എയുടെ മരുന്ന്

ലഖ്‌നൗ- കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുമ്പോള്‍ കോവിഡ് പ്രതിരോധത്തിന് ഒരു മരുന്ന് നിര്‍ദേശിച്ച് യുപിയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. ദിവസവും രാവിലെ വെറും വയറ്റില്‍ ഗോമൂത്രം കുടിച്ചാല്‍ കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധം കൈവരിക്കാമെന്നാണ് ബിജെപി നേതാവിന്റെ വാദം. ഇത് എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച വിശദമാക്കുന്ന ഒരു വിഡിയോയും അദ്ദേഹം തന്നെ പുറത്തുവിട്ടിട്ടുണ്ട്. തണുത്ത വെള്ളത്തില്‍ 50 മില്ലി ഗോമൂത്രം കലര്‍ത്തി രാവിലെ കുടിക്കാനാണ് നിര്‍ദേശിക്കുന്നത്. (ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കോവിഡ് പ്രതിരോധ മരുന്നല്ല. ഡോക്ടര്‍മാരുടെയും സര്‍ക്കാരിന്റേയും നിര്‍ദേശങ്ങള്‍ അനുസരിച്ചു മാത്രം കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.)

ഇത് താന്‍ പതിവായി കുടിക്കുന്നുണ്ടെന്നും 18 മണിക്കൂര്‍ ദിവസവും പൊതുനജങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നുമുണ്ട്. ശാസ്ത്രജ്ഞര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും കോവിഡ് പോലുള്ള വൈറസിനെ തടയാന്‍ ഗോമൂത്രത്തിന് ശേഷിയുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഈ ബിജെപി നേതാവ് തീര്‍ത്തു പറയുന്നു. കോവിഡിനു മുമ്പില്‍ എല്ലാ ശാസ്ത്രങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. ശാസ്ത്ര പുരോഗതി കൈവരിച്ചിട്ടും ലക്ഷങ്ങളാണ് മരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദൈവത്തെ ഓര്‍ക്കുകയും പഴയ തലമുറയുടെ ചികിത്സാ രീതികളിലേക്ക് തിരിച്ചു പോകുകയുമാണ് പോംവഴിയെന്നും അദ്ദേഹം പറയുന്നു.

Latest News